മനുഷ്യരാശിയുടെ ജീവന്റെ നിലനില്‍പ്പിനു തന്നെ ആധാരമായ അമൂല്യ വരദാനമാണ് മണ്ണ്. അനേകം കോടി വര്‍ഷങ്ങളിലൂടെ പാറകള്‍ പൊടിഞ്ഞാണ് മണ്ണ് ഉണ്ടാകുന്നത്. ഇതില്‍ കാലക്രമത്തില്‍ ജീവജാലങ്ങള്‍ വളര്‍ന്ന് മണ്ണില്‍ ജൈവാംശ വര്‍ദ്ധന ഉണ്ടാകുന്നു. ഒരുഗ്രാം മണ്ണില്‍ കോടിക്കണക്കിന് സൂക്ഷ്മജീവികള്‍ ഉണ്ടാകും. സസ്യ-ജന്തുക്കളുടെ അവശിഷ്ടങ്ങള്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി വിഘടിക്കപ്പെട്ട് ചേരുമ്പോഴാണ് മണ്ണ് പോഷകസമ്പുഷ്ടമാകുന്നതും ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യമുണ്ടാകുന്നതും.
കൃഷിക്ക് ഉത്തമമായ മണ്ണില്‍ അമ്പതു ശതമാനത്തോളം ഖരപദാര്‍ത്ഥങ്ങളും ബാക്കിഭാഗം വെള്ളവും വായുവും ആയിരിക്കും. ഖരപദാര്‍ത്ഥങ്ങളില്‍ തന്നെ ഏതാണ്ട് അഞ്ച് ശതമാനമെങ്കിലും ജൈവാംശം ഉണ്ടായിരിക്കണം. ബാക്കി 45 ശതമാനത്തോളം മാത്രമേ പാറയില്‍ നിന്നും ലഭിക്കുന്ന ധാതുക്കള്‍ ആകാവൂ. ഇതെല്ലാം ഉണ്ടെങ്കിലും മണ്ണിന് ജീവന്‍ ലഭിക്കണമെങ്കില്‍ അതില്‍ ജീവാണുക്കളും മറ്റു ജീവജാലങ്ങളും ഉണ്ടായിരിക്കണം. ജീവനില്ലാത്ത മണ്ണില്‍ സസ്യങ്ങള്‍ക്ക് വളരാനും സാദ്ധ്യമല്ല.
മേല്‍മണ്ണില്‍ മാത്രമാണ് പ്രധാനമായും ജൈവവസ്തുക്കളുടെ സാന്നിധ്യമുള്ളത്. ജൈവാംശങ്ങള്‍ മേല്‍മണ്ണിനെ അയവുള്ളതായി മാറ്റുകയും അതില്‍ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ അത് വെള്ളം മണ്ണില്‍ പിടിച്ചുനിര്‍ത്തുന്നതിനും സഹായിക്കുന്നു. നല്ലതുപോലെ അഴുകിപ്പൊടിഞ്ഞ ജൈവവസ്തു അതിന്റെ തൂക്കത്തില്‍ അഞ്ച് ഇരട്ടി വെള്ളം പിടിച്ചു നിര്‍ത്തുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോഴാണ് മേല്‍മണ്ണ് ഒരു സ്‌പോഞ്ച് പോലെയായി മാറുന്നത്. സൂക്ഷ്മാണുജീവികളുടെ ആവാസവ്യവസ്ഥ കൂടിയാണല്ലോ മണ്ണ്. ഇവയുടെയും മണ്ണിരകളുടെയും ഭക്ഷണം പൊടിഞ്ഞുചേര്‍ന്ന ജൈവവസ്തുക്കള്‍ തന്നെയാണ്. ജീവാണുക്കളുടെ വളര്‍ച്ചയ്ക്കാവശ്യമായ താപനിലയും വായുനിലയുമാണ് ജൈവവസ്തുക്കള്‍ മണ്ണിനടിയില്‍ ഉറപ്പാക്കുന്നത്.
വെള്ളം പിടിച്ചു നിര്‍ത്തുന്നതുപോലെ ചെടിയ്ക്കാവശ്യമായ മൂലകങ്ങള്‍ പിടിച്ചു നിര്‍ത്തുവാനും ജൈവവസ്തുക്കള്‍ക്ക് കഴിവുണ്ട്. ഇപ്രകാരം പിടിച്ചുനിര്‍ത്തപ്പെട്ട മൂലകങ്ങള്‍ ചെടിക്ക് വേണ്ട അളവില്‍, വേണ്ട സമയത്ത് വിഘടിപ്പിച്ച് കൊടുക്കുവാനും ജൈവവളങ്ങള്‍ക്ക് സാധ്യമാണ്.
തയ്യാറാക്കിയത്: ഡോ. സി.കെ. പീതാംബരന്‍
കേരള കാര്‍ഷിക സര്‍വ്വകലാശാലാ ഗവേഷണവിഭാഗം മുന്‍ ഡയറക്ടര്‍