കോട്ടയം: അംഗപരിമിതനാണെങ്കിലും അതൊന്നും വകവെയ്ക്കാതെ സേവനത്തിന് ത്യാഗത്തിന്റെ ഭാഷ്യം ചമയ്ക്കുകയാണ് രാജപ്പന്‍. കുമരകത്തെ രാജപ്പന്‍ ഇന്ന് ലോകശ്രദ്ധ നേടിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളിലൂടെയാണ്. ഈ വര്‍ഷത്തെ ആദ്യ മന്‍ കി ബാത്തില്‍ അദ്ദേഹം എടുത്തുകാട്ടിയ ജീവിതം രാജപ്പന്റേതായിരുന്നു.
പ്രധാനമന്ത്രിയുടെ വാക്കുകളിലേക്ക്:
”ഞാന്‍ കേരളത്തിലെ മറ്റൊരു വാര്‍ത്ത കണ്ടു. ഇത് നമ്മളെയെല്ലാം നമ്മുടെ കടമകളെ ബോദ്ധ്യപ്പെടുത്തുന്നതാണ്. കേരളത്തില്‍ കോട്ടയത്ത് ദിവ്യാംഗനായ ഒരു വയോധികനുണ്ട്. എന്‍ എസ് രാജപ്പന്‍ സാഹിബ്. രാജപ്പന്‍ജി പക്ഷാഘാതം ബാധിച്ച കാരണം നടക്കാന്‍ കഴിയാത്ത ആളാണ്. എന്നാല്‍ ഇതുകൊണ്ട് സ്വച്ഛതയോട് – വെടിപ്പിനോടും വൃത്തിയോടുമുള്ള സമര്‍പ്പണത്തിന് – ഒരു കുറവും ഉണ്ടായിട്ടില്ല. അദ്ദേഹം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തോണിയില്‍ വേമ്പനാട്ട് കായലില്‍ പോകുകയും കായലില്‍ എറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുറത്തെടുത്തുകൊണ്ട് വരികയും ചെയ്യുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, രാജപ്പന്‍ജിയുടെ ചിന്ത എത്രത്തോളം ഉയര്‍ന്ന നിലയിലാണെന്ന്. നമ്മളും രാജപ്പന്‍ജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് ശുചിത്വത്തിനു വേണ്ടി സാധ്യമാകുന്നിടത്തോളം നമ്മുടേതായ സംഭാവന നല്‍കണം.”
വേമ്പനാട്ടു കായലില്‍ ആളുകള്‍ വലിച്ചെറിയുന്ന മാലിന്യവും കുപ്പികളും കരയ്‌ക്കെത്തിച്ച് സംസ്‌കരിച്ച് കായലിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന രാജപ്പന്‍ സേവനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വൈകല്യം തടസ്സമാവില്ലെന്നും നല്ല മനസ്സാണ് വേണ്ടതെന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്നു; കല്ലേന്‍ പൊക്കുടനെ പോലെ, നെല്‍വിത്ത് രാമനെപ്പോലെ, ആല്‍മരുതു തിമ്മക്കയെപ്പോലെ.