Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

തിയേറ്ററില്‍ ഇന്നുമുതല്‍ മുഴുവന്‍സീറ്റിലും ആളെ ഇരുത്താന്‍ കേന്ദ്ര അനുമതി

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ സിനിമാതിയേറ്ററിലെ മുഴുവന്‍സീറ്റിലും ആളെ ഇരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതുസംബന്ധിച്ച് വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ കോവിഡ് മാര്‍ഗരേഖയിലാണ് 100 ശതമാനം സീറ്റുകള്‍ക്കും അനുമതി നല്‍കിയത്. കേന്ദ്ര തീരുമാനത്തെ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവ സ്വാഗതം ചെയ്തു.

എന്നാല്‍ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ തിയേറ്റര്‍ തുറക്കരുത്. അധിക നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. തിയേറ്ററിലെത്തുന്നവര്‍ സാമൂഹിക അകലം, മുഖാവരണം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രവേശനകവാടങ്ങളില്‍ സ്പര്‍ശിക്കാതെ പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ സംവിധാനമൊരുക്കണം. സന്ദര്‍ശകരുടെ താപനിലയളക്കാനും സംവിധാനം വേണം. സന്ദര്‍ശകര്‍ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ പറഞ്ഞു.

തിയേറ്ററുകളുടെ പരിസരത്തെ തിരക്കൊഴിവാക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കുമെന്ന് വാര്‍ത്താവിതരണവകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. തിയേറ്റര്‍സ്റ്റാളിലെ ഭക്ഷണശാലകളില്‍നിന്ന് ഭക്ഷണവും വെള്ളവും സന്ദര്‍ശകര്‍ക്ക് വാങ്ങുകയും ഹാളിനകത്തേക്ക് കൊണ്ടുപോവുകയും ചെയ്യാം. ഇതിനുണ്ടായിരുന്ന നിയന്ത്രണങ്ങളും നീക്കി.

തിരക്ക് കുറയ്ക്കാനായി ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടുക, ഒരു സിനിമ കഴിഞ്ഞ് അടുത്തത് തുടങ്ങാനുള്ള ഇടവേള ദീര്‍ഘിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പറയുന്നുണ്ട്. സന്ദര്‍ശകരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ തിയേറ്റര്‍ മുഴുവനും അണുവിമുക്തമാക്കണം.