Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

സ്വകാര്യതാനയം: ഉപയോക്താക്കള്‍ കൊഴിഞ്ഞുപോകുന്നത് തടയാന്‍ പുതിയ ആയുധവുമായി വാട്‌സാപ്പ്

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പരസ്യപ്പെടുത്തിയതോടെ പിടിച്ചുനില്‍ക്കാന്‍ വേണ്ടി നെട്ടോട്ടമോടുകയാണ് കമ്പനി. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് ഈ സാഹചര്യത്തില്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

വാട്‌സാപ്പ് ഉപയോക്താക്കള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ ആയുധവുമായി എത്തിയിരിക്കുകയാണ് കമ്പനി. വാട്ട്‌സാപ്പ് വെബിലും ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷനിലും അക്കൗണ്ട് ലിങ്കുചെയ്യുന്നതിന് ഇനിമുതല്‍ മറ്റൊരു സുരക്ഷാ ലെയര്‍ കൂടി ചേര്‍ക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

വരും ആഴ്ച്ചകളില്‍ അപ്‌ഡേറ്റിലുടെ പുതിയ സുരക്ഷാ ഫീച്ചര്‍ ലഭിക്കുന്നതോടെ, ഉപയോക്താക്കള്‍ക്ക് അവരുടെ കമ്പ്യൂട്ടറിലേക്ക് വാട്ട്‌സാപ്പ് അക്കൗണ്ടുകള്‍ ലിങ്കുചെയ്യുന്നതിനായി ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐ ഡി ഉപയോഗിക്കേണ്ടി വന്നേക്കും. നിങ്ങളുടെ സാന്നിധ്യമില്ലാതെ നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് കമ്പ്യൂട്ടറിലേക്ക് ലിങ്കുചെയ്യുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയുകയെന്നതാണ് ഈ അധിക സുരക്ഷയുടെ ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.

വാട്ട്‌സാപ്പ് അക്കൗണ്ടുമായി വാട്ട്‌സാപ്പ് വെബ് ലിങ്കുചെയ്യുന്നതിന്, ഫോണില്‍ ഫേസ് ഐഡി അല്ലെങ്കില്‍ ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് ഉപയോഗിക്കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും. ഈ ഘട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, ഉപയോക്താക്കള്‍ക്ക് ഫോണില്‍ നിന്ന് ക്യുആര്‍ കോഡ് സ്‌കാനര്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. അത് കമ്പ്യൂട്ടറുമായുള്ള ലിങ്കിങ് പ്രക്രിയ പൂര്‍ത്തിയാക്കും.

സ്വകാര്യതാ പ്രശ്‌നങ്ങള്‍ക്ക് തിരിച്ചടി നേരിടുന്ന സമയത്താണ് ഈ നടപടി സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. ഫേസ് ഐഡിയും വിരലടയാള ഓതന്‍ഡിക്കേഷനും ഉപയോക്താവിന്റെ മൊബൈല്‍ ഫോണില്‍ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹാന്‍ഡ്‌സെറ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് വിവരങ്ങള്‍ വാട്ട്‌സാപ്പിന് ആക്‌സസ് ചെയ്യാന്‍ കഴിയില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.