Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

വികസനോന്മുഖവും സര്‍വ്വസ്പര്‍ശിയുമായ ബജറ്റുമായി കേന്ദ്രം

ചരിത്രം തിരുത്തി ഭാരതത്തെ ഇന്നുവരെ കാണാത്ത പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുന്ന രീതിയില്‍ ആറ് തൂണുകളില്‍ വാര്‍ത്തെടുത്ത മഹാസൗധമാണ് ഇത്തവണത്തെ കേന്ദ്രബജറ്റ്. സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളും ആരോഗ്യ പരിരക്ഷയും കൂടി കണ്ടറിഞ്ഞ് നാളിന്നുവരെയുണ്ടാകാത്ത നീക്കിയിരിപ്പ് ആരോഗ്യമേഖലയ്ക്ക് ഉണ്ടായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് കൊറോണ വന്നതും ലോക സമ്പദ്‌വ്യവസ്ഥയെ ഇറുക്കിവരിഞ്ഞ് ചുരുക്കിയതും. അതിന്റെ അനുരണനങ്ങള്‍ ഭാരതത്തിലുമുണ്ടായി. 27 ശതമാനം വരെ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ ചുരുങ്ങി. അടച്ചിടലുകളും രോഗവ്യാപനവും അത് സൃഷ്ടിച്ച തൊഴിലില്ലായ്മയും പ്രതിസന്ധിയും മറികടന്ന് 7.7 എന്ന നിലയിലേക്ക് സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താനായി. വീണ്ടും ഭാരത സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വി’ യുടെ ആകൃതിയില്‍ താഴോട്ടുപോയ സമ്പദ് വ്യവസ്ഥ വീണ്ടും മുകളിലോട്ട് കുതിക്കുന്നു. അന്താരാഷ്ട്ര നാണ്യനിധിയും ലോകബാങ്കും ഇത് സാക്ഷ്യപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ കേന്ദ്രബജറ്റിനെ വിലയിരുത്തേണ്ടത്.

കൊറോണയെ മറികടക്കാന്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി സ്വയംപര്യാപ്ത ഭാരതം ലക്ഷ്യമിട്ട് 27 ലക്ഷം കോടി രൂപയാണ് ഉത്തജന പാക്കേജായി വകയിരുത്തിയത്. അതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇത്തവണത്തെ കേന്ദ്രബജറ്റ് എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആരോഗ്യമേഖലയിലാണ് ഇത്തവണ ഏറ്റവും വലിയ പരിവര്‍ത്തനം. കഴിഞ്ഞ തവണ 69,000 കോടി രൂപയാണ് ആരോഗ്യമേഖലയ്ക്ക് വകയിരുത്തിയിരുന്നതെങ്കില്‍ ഇക്കുറി കുടിവെള്ളവും ആരോഗ്യവും ഉള്‍പ്പെട്ട മൊത്തം ആരോഗ്യമേഖലയ്ക്കായി 2,23,846 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തെ ബജറ്റിനേക്കാള്‍ 137 ശതമാനം കൂടുതല്‍. 35,000 കോടി രൂപ കൊറോണ വാക്‌സിനായി വകയിരുത്തിയിരിക്കുന്നു. കൂടാതെ, ഇനിയും തുക ആവശ്യം വന്നാല്‍ നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയില്‍ പ്രതിരോധം, ചികിത്സ, സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കാനാണ് ബജറ്റ് വിഭാവന ചെയ്യുന്നത്. മേഖലാ-താലൂക്ക് തലത്തിലുള്ള ലബോറട്ടറികള്‍ മുതല്‍ പലതരം ആശുപത്രികള്‍, വെല്‍നസ് സെന്ററുകള്‍ തുടങ്ങി ആരോഗ്യ ഇന്‍ഷുറന്‍സ് വരെ ഇതില്‍ ലക്ഷ്യമിടുന്നു. ആശുപത്രി ചെലവിന്റെ 60 ശതമാനമെങ്കിലും സ്വന്തം കൈയില്‍ നിന്ന് ചെലവാക്കുന്ന സാഹചര്യം അതിന്റെ പകുതിയായെങ്കിലും കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷയാണ് വിഭാവന ചെയ്യുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

ജലജീവന്‍ മിഷനിലൂടെ 4378 നഗരങ്ങളില്‍ 2.86 കോടി പൈപ്പ് കണക്ഷന്‍, അമൃത് നഗരങ്ങളില്‍ 2.87 കോടിയുടെ ശുദ്ധജലവിതരണ പദ്ധതി. സ്വച്ഛ്ഭാരതിന് 1,41,678 കോടിയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി എന്നിവയും ലക്ഷ്യമിടുന്നു. നഗരങ്ങളിലെ ഖരമാലിന്യ സംസ്‌കരണത്തിനാണ് ശുദ്ധമായ കുടിവെള്ളത്തിനൊപ്പം ലക്ഷ്യമിടുന്നത്.

വ്യാവസായിക മേഖലയില്‍ 1.97 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത്, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ആസ്തികള്‍ ഉപയോഗിക്കാന്‍ 20,000 കോടിയുടെ ധനകാര്യസ്ഥാപനം, ചെറുകിട-ഇടത്തരം സൂക്ഷ്മ വ്യവസായങ്ങളുടെ കുതിച്ചുചാട്ടം എന്നിവയിലൂടെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാന്‍ 18 ലക്ഷം കോടിയുടെ പദ്ധതികള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. കേരളത്തില്‍ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. മുംബൈ-കന്യാകുമാരി ദേശീയപാതാ ഇടനാഴി, മധുരൈ-കൊല്ലം ദേശീയപാതാ തുടങ്ങിയവയിലൂടെ 1100 കിലോമീറ്റര്‍ ദേശീയപാതാ കേരളത്തില്‍ വികസിക്കും. റെയില്‍വേയുടെ മേഖലയില്‍ 1,10,055 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2030 ഓടെ ദേശീയ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് ബജറ്റ് പറയുന്നു. കൊച്ചി മെട്രോ റെയിലിന്റെ രണ്ടാംഘട്ടത്തിന് 1957 കോടി രൂപയും ചെന്നൈ, ബാംഗ്ലൂര്‍, നാഗ്പൂര്‍, നാസിക് മെട്രോ റെയില്‍ പദ്ധതികളുടെ തുടര്‍ച്ചയ്ക്ക് 85,000 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. 11000 കിലോമീറ്റര്‍ ദേശീയപാതയാണ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

ഊര്‍ജ്ജമേഖലയില്‍ 3,06,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സൗരോര്‍ജ്ജ പദ്ധതിക്ക് 1000 കോടിയും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജപദ്ധതികള്‍ക്ക് 15,000 കോടിയും വകയിരുത്തിയിട്ടുണ്ട്. 100 ജില്ലകളില്‍ കൂടി സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കും. ഹൈഡ്രജന്‍ അധിഷ്ഠിത ഊര്‍ജ്ജ സംവിധാനം നടപ്പാക്കാനും ബജറ്റ് ഉദ്ദേശിക്കുന്നു. ഉജ്ജ്വല്‍ യോജനയിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്നത് ഒരുകോടി കുടുംബങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. നേരത്തെ എട്ടുകോടി കുടുംബങ്ങള്‍ക്കാണ് നല്‍കിയത്. ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 49 ശതമാനത്തില്‍ നിന്ന് ഉപാധികളോടെ 74 ശതമാനമാക്കാന്‍ തീരുമാനിച്ചു. കമ്പനികളുടെ ഫുള്‍ടൈം ഡയറക്ടര്‍മാരായോ ഭാരവാഹികളായോ ഇന്ത്യക്കാര്‍ക്കു മാത്രമേ ഇരിക്കാനാകൂ. 1,75,000 കോടി ഓഹരി വിറ്റഴിക്കലിലൂടെ കണ്ടെത്തും.

വിദ്യാഭ്യാസമേഖലയില്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്റെ ഭാഗമായി 13,000 മാതൃകാ വിദ്യാലയങ്ങള്‍ സ്ഥാപിക്കും. 100 സൈനിക സ്‌കൂളുകള്‍, ലഡാക്കില്‍ കേന്ദ്ര സര്‍വ്വകലാശാല, ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍, ഭാരതീയ ഭാഷകളുടെ പോഷണത്തിനായി ദേശീയ സ്ഥാപനം, അദ്ധ്യാപകരുടെ കര്‍മ്മശേഷി കൂട്ടാന്‍ നൈപുണ്യ പദ്ധതി, വിദേശ സര്‍വ്വകലാശാലകളുമായി പങ്കാളിത്തം, വനവാസികള്‍ക്കായി 750 ഏകല്‍ വിദ്യാലയങ്ങള്‍, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നാലുകോടി സ്‌കോളര്‍ഷിപ്പ്, 50,000 റിസര്‍ച്ച് ഫെല്ലോഷിപ്പ്, ഇന്നവേഷന്‍ ഗവേഷണം എന്നിവയ്ക്കായി 50,000 കോടിയുടെ നീക്കിയിരിപ്പ്, സമുദ്രപഠനത്തിന് 4000 കോടി എന്നിവയും നീക്കിവെച്ചിട്ടുണ്ട്.

കാര്‍ഷികമേഖലയില്‍ ഉല്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുന്ന രീതിയില്‍ താങ്ങുവില ക്രമീകരിക്കാനും കാര്‍ഷിക മേഖലയില്‍ സമഗ്രമായ പരിഷ്‌ക്കരണത്തിനും ഡിജിറ്റലൈസേഷനുംലക്ഷ്യമിടുന്ന പദ്ധതികളും ബജറ്റ് വിഭാവന ചെയ്യുന്നു. നികുതിഘടനയില്‍ കാര്യമായ വ്യത്യാസം വരുത്തിയിട്ടില്ല എന്നുമാത്രമല്ല, സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കുകയും ചെയ്തു. വിപണിയിലും ബജറ്റിനെ തുടര്‍ന്ന് വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം കൂട്ടുന്നതിനെതിരെ മാത്രമേ കാര്യമായ അഭിപ്രായവ്യത്യാസം ഉയര്‍ന്നിട്ടുള്ളൂ.