Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

കർഷക സംഘടനകൾ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്

ന്യൂഡല്‍ഹി: ഫെബ്രുവരി ആറിന് രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കർഷകസംഘടനകൾ . സംസ്ഥാന-ദേശീയ പാതകള്‍ തടഞ്ഞ് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നുമണിവരെയാണ് പ്രതിഷേധമെന്ന് കര്‍ഷക സംഘടനകളുടെ സംയുക്ത ബോഡിയായ സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

“ഫെബ്രുവരി 6 ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുമെന്ന് ഉച്ചയ്ക്ക് 12 നും മൂന്നിനും ഇടയില്‍ റോഡുകള്‍ തടയും” ഭാരതീയ കിസാന്‍ യൂണിയനിലെ ബല്‍ബീര്‍ സിംഗ് രാജേവാള്‍ പറഞ്ഞു.

സിങ്കു അതിര്‍ത്തിയില്‍ വച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് അറിയിച്ചത്.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം, ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണം, റോഡുകള്‍ ബാരിക്കേഡുകള്‍ വച്ച്‌ തടയരുത് എന്നിവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെയും കൂടിയാണ് ദേശീയപാത ഉപരോധം ആഹ്വാനം ചെയ്തിരിക്കുന്നത്.

കര്‍ഷക പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ട് ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. തിക്രിക്ക് പുറമെ ഗാസിപുരിലെ സമരകേന്ദ്രങ്ങള്‍ക്ക് സമീപത്തെ റോഡുകളിലും പൊലീസ് ഇരുമ്ബാണികള്‍ തറക്കുകയും ശൗചാലയങ്ങളിലേക്കുള്ള വഴികള്‍ പോലും പൊലീസ് അടച്ചുവച്ചിരിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു.

റിപ്പബ്ലിക് ദിനത്തിലാണ് ഡല്‍ഹി അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. പൊതുസുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. ഒരാഴ്ചയാകുമ്ബോഴും ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ തയാറായിട്ടില്ല. സമരകേന്ദ്രങ്ങളില്‍ വെള്ളവും വൈദ്യുതിയും നിഷേധിച്ചു.

വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ പുനഃസ്ഥാപിക്കണം, ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണം, സംഘര്‍ഷമുണ്ടാക്കിയെന്ന് ആരോപിച്ച്‌ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം തുടങ്ങിയ ഉപാധികള്‍ അംഗീകരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.