കൊച്ചി: കൂടുതല്‍ സ്ത്രീകള്‍ കഥ പറയാന്‍ രംഗത്തുവരുന്നത് സിനിമ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് ഫിലിം എഡിറ്റര്‍ ബീനാപോള്‍. ഇരുപത്തഞ്ചമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മാധ്യമ പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു അവര്‍. പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ പുരുഷന്‍ പറയുന്ന കഥ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാവില്ല. സിനിമ മാറ്റത്തിന്റെ വഴിയിലാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലുള്ള സിനിമകള്‍ അതിനു തെളിവാണ്.
സിനിമയിലെ വനിതകളുടെ തൊഴില്‍ നീതി ഉറപ്പ് വരുത്താനും കൂടുതല്‍ വനിതകളെ ഈ മേഖലയിലേയ്ക്ക് കൊണ്ടുവരാനും WCC പല പദ്ധതികളും നടപ്പാക്കുന്നുണ്ട് എന്ന് സംഘടനയുടെ ഭാരവാഹി എന്ന നിലയില്‍ ബീന പറഞ്ഞു. വീട്ടമ്മമാര്‍ക്ക് സേവനത്തിനു ശമ്പളം കൊടുക്കുന്ന ആശയത്തോട് വളരെ പോസിറ്റീവ് ആയാണ് അവര്‍ പ്രതികരിച്ചത്. സിനിമയുടെ ഓണ്‍ലൈന്‍ റിലീസ് തിയേറ്റര്‍ വ്യവസായത്തെ അത്ര കണ്ടു ബാധിക്കുന്നില്ലെന്നും ആളുകള്‍ തിയേറ്ററില്‍ സിനിമ കാണുവാനാണ് ഇഷ്ടപ്പെടുന്നതെന്നും ബീന കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി ചലച്ചിത്ര മേള നടക്കുന്നുണ്ട്. ഓരോ മേളയും പുതിയ അനുഭവങ്ങളും പാഠങ്ങളും സമ്മാനിക്കുന്നുണ്ട്. സിനിമാ നിര്‍മാണത്തില്‍ ഉള്ള താല്പര്യം ആണ് എഡിറ്റിംഗ് പഠിക്കാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചത്. എഡിറ്റിംഗ് അദൃശ്യനുഭവം ആവുമ്പോഴാണ് സിനിമ മനോഹരമാവുന്നതെന്നും അവര്‍ പറഞ്ഞു.