Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് തത്വകലശം, നാളെ ബ്രഹ്മകലശം, ഉത്സവം കൊടിയേറ്റ് 24 ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന കലശച്ചടങ്ങുകളില്‍ പ്രധാന കലശമായ തത്വകലശം ഇന്ന് നടക്കും. ക്ഷേത്ത്രതില്‍ രാവിലത്തെ ശീവേലി, അഭിഷേകം, പന്തീരടിപ്പൂജ എന്നീ ചടങ്ങുകള്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ പൂര്‍ത്തിയാക്കിയ ശേഷമാണ് തത്വകലശ ചടങ്ങുകള്‍ തുടങ്ങുക.

ശ്രീകോവലിനു മുന്‍പില്‍ നമസ്‌കാര മണ്ഡപത്തില്‍ രാവിലെ ആറുമണിക്ക് തന്ത്രി ഹോമം ആരംഭിക്കും. ക്ഷേത്രം നാലമ്പലത്തിലെ നമസ്‌കാര മണ്ഡപത്തില്‍ ഹോമകുണ്ഡമൊരുക്കി 24 തത്വങ്ങളെ ആവാഹിച്ച് പൂജ നടത്തിയ ശേഷം തന്ത്രി ഭഗവാന് തത്വകലശാഭിഷേകം നിര്‍വ്വഹിക്കും. ക്ഷേത്ര ചൈതന്യത്തിലെ കുറവു പരിഹരിക്കുന്ന ചടങ്ങാണ് ഇത്. ഇന്നത്തെ ഉച്ചപ്പൂജയും തന്ത്രിയാണ് നിര്‍വ്വഹിക്കുക.

കൂത്തമ്പലത്തില്‍ പത്മമിട്ട് 975 വെള്ളിക്കുടങ്ങളും 26 സ്വര്‍ണക്കുടങ്ങളും 25 ഖണ്ഡങ്ങളായി കമഴ്ത്തി വച്ചു. ഇന്ന് ആയിരം കുടങ്ങളില്‍ മന്ത്രപുരസരം ദ്രവ്യങ്ങളും പരികലശവും നിറച്ച് പൂജ നടത്തും. തുടര്‍ന്ന് ഇന്ന് രാത്രി തൃപ്പുകയ്ക്ക് ശേഷം അനുജ്ഞ എന്ന ചടങ്ങ് നടക്കും. ചൊവ്വാഴ്ച നടക്കുന്ന അതിപ്രധാനമായ ബ്രഹ്മകലശത്തിനായി ഗുരുവായൂരപ്പനോട് അനുവാദം ചോദിയ്ക്കുന്ന ചടങ്ങാണ് അനുജ്ഞ.

നാളെ ബ്രഹ്മകലശമാണ്. രാവിലെ ഏഴുമണിക്കു ശേഷം കൂത്തമ്പലത്തില്‍ നിന്ന് കലശം കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്ത് എത്തിക്കും. തന്ത്രി അഭിഷേകം ചെയ്യും. അവസാനമായി ബ്രഹ്മകലശം വാദ്യ ഘോഷങ്ങളോടെ ശ്രീലകത്തേയ്ക്ക് എഴുന്നള്ളിച്ച് അഭിഷേകം ചെയ്യും. ബ്രഹ്മകലശത്തോടെ ഉത്സവത്തിന് മുന്നോടിയായി എട്ട് ദിവസങ്ങളിലായി നടക്കുന്ന കലശ ചടങ്ങുകള്‍ക്ക് സമാപനമാകും.

കലശച്ചടങ്ങുകള്‍ക്ക് തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്, ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൂറയും പവിത്രവും നല്‍കി ആചാര്യവരണം നിര്‍വഹിച്ചു. നാലമ്പലത്തിലെ മുളയറയില്‍ 16 വെള്ളിപ്പാലികകളില്‍ 12 തരം വിത്തുകള്‍ വിതച്ച് പൂജിക്കുന്നതോടെ ആദ്യദിവസത്തെ ചടങ്ങുകള്‍ പൂര്‍ത്തിയായി.

മുളയിടല്‍ ചടങ്ങ് സമയത്ത് ഭക്തര്‍ക്ക് പ്രവേശനമില്ല. ഉത്സവം കഴിയുന്നതുവരെ ഉദയാസ്തമയപൂജ ഉണ്ടാകില്ല. ബുധനാഴ് (ഫെബ്രുവരി 24) രാവിലെ ആനയില്ലാശീവേലി, പകല്‍ മൂന്നുമണിക്ക് ആനയോട്ടം എന്നിവ നടക്കും. രാത്രി കൊടിയേറ്റത്തോടെ 10 ദിവസത്തെ ഉത്സവത്തിന് തുടക്കമാകും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടുത്ത നിയന്ത്രണങ്ങളിലാണ് ഇത്തവണ ഉത്സവം നടക്കുന്നത്. ഗുരുവായൂരപ്പനെ തൊഴാന്‍ ഇത്തവണ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. പത്ത് വയസ്സിനു താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കില്ല.

Photo credit: Guruvayur Devaswam official photos