ആലപ്പുഴ: പാതിരപ്പള്ളി കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ (കെ എസ് ഡി പി ) വികസനത്തിലെ നാഴികക്കല്ലായ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇഞ്ചക്ഷന്‍ പ്ലാന്റും നിര്‍മാണം ആരംഭിക്കുന്ന ഓങ്കോളജി പാര്‍ക്കും പ്രവര്‍ത്തനക്ഷമമാകുന്നതോടെ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ക്യാന്‍സറിനുള്‍പ്പെടെയുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പാതിരപ്പള്ളിയിലെ കെ.എസ്.ഡി.പിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ നോണ്‍ ബീറ്റാലാക്ടം ഇന്‍ജക്ഷന്‍ പ്ലാന്റിന്റെ ഉദ്ഘാടനവും ഓങ്കോളജി ഫാര്‍മ പാര്‍ക്കിന്റെ ശിലാസ്ഥാപനവും ഫാക്ടറി അങ്കണത്തില്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു.
ക്യാന്‍സര്‍ രോഗത്തിന് ദീര്‍ഘകാലം മരുന്ന് ആവശ്യമാണ്. എന്നാല്‍ ഇതിന്റെ സാമ്പത്തിക ബാധ്യത സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത സ്ഥിതിയാണ്. കുറഞ്ഞ നിരക്കില്‍ ക്യാന്‍സര്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച് പൊതുജനത്തിന് എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 105 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നും മുതല്‍ മുടക്കിയാണ് ഓങ്കോളജി പാര്‍ക്ക് പ്രത്യേക സംവിധാനമായി ഒരുക്കുന്നത്. 18 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓങ്കോളജി പാര്‍ക്ക് പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ശരാശരി 300 എം.ജി ഡോസ്സേജുള്ള 60 ദശലക്ഷം ടാബ്ലെറ്റും ശരാശരി 350 എം.ജി ഡോസ്സേജുള്ള 45 ദശലക്ഷം ക്യാപ്റ്റളുകളും 5എം.എല്‍ മുതലുള്ള 0.9 ദശലക്ഷം യൂണിറ്റ് ഇന്‍ജക്ഷന്‍ മരുന്നുകളും ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഇതോടെ കെ.എസ്.ഡി.പി, ക്യാന്‍സര്‍ മരുന്ന് നിര്‍മാണ രംഗത്ത് നിര്‍ണായക സ്ഥാനത്തേക്ക് ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൂട്ടലിന്റെ വക്കില്‍ നിന്നാണ് കെ.എസ്.ഡി.പിയെ ലാഭത്തിലെത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം 14.23 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭത്തിലേക്ക് സ്ഥാപനം എത്തി. സാധാരണക്കാര്‍ക്ക് മരുന്ന് 30 ശതമാനം മുതല്‍ 70 ശതമാനം വരെ വിലകുറച്ച് വില്‍ക്കാന്‍ കെ.എസ്.ഡി.പി വഴി സാധ്യമാകുമെന്ന് ജയരാജന്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 250 കോടി രൂപ കെ.എസ്.ഡി.പിയ്ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതായി പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പടെ നീങ്ങുമ്പോള്‍ അതിന് ബദല്‍ നയങ്ങള്‍ വിജയകരമായി നടപ്പാക്കുന്ന രാഷ്ട്രീയമാണ് കേരളത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.തൊഴിലാളികളുടെ ആത്മാര്‍ത്ഥമായ സഹകരണവും മന്ത്രി ആവശ്യപ്പെട്ടു. ഓങ്കോളജി പാര്‍ക്ക് കൂടി പൂര്‍ത്തിയാകുമ്പോള്‍ കെ.എസ്.ഡി.പി.യുടെ വിറ്റുവരവ് 800 കോടിയിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.