Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

നിയമസഭാ തിരഞ്ഞെടുപ്പ്: ദീപക് മിശ്ര ഐപിഎസ് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍; കേരളത്തില്‍ 40771 പോളിംഗ് ബൂത്തുകള്‍

ന്യൂഡല്‍ഹി: കേരളത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ദീപക് മിശ്ര ഐ പി എസ്സിനെ ചുമതലപ്പെടുത്തി. 40771 പോളിംഗ് ബൂത്തുകളാണ് കേരളത്തില്‍ ഉണ്ടാവുക. കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം. ഓണ്‍ലൈനായും പത്രിക നല്‍കാം. അഞ്ച് സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍. മൂന്നുലക്ഷം സര്‍വീസ് വോട്ടര്‍മാര്‍.

എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വന്‍തോതില്‍ ഉയരും. കേരളത്തില്‍ 2016 ല്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വര്‍ധിപ്പിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ 89.65% വര്‍ധന. കേരളത്തിലെ ജനസാന്ദ്രതയാണ് ഇതിനു കാരണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

രാജ്യത്ത് 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കുമെന്നും വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ കൂട്ടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ആരോഗ്യരംഗത്ത് അഭൂതപൂര്‍വമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. കോവിഡിനിടെ വിജയകരമായി പൂര്‍ത്തിയാക്കിയ ബിഹാര്‍ തെരഞ്ഞെടുപ്പ് അഭിമാനനേട്ടമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും മഹാമാരിക്കിടയിലും കാര്യങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനായെന്നും സുനില്‍ അറോറ പറഞ്ഞു.