Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

മന്ത്രി തോമസ് ഐസക്കിന്റേത് അല്പത്തവും അസഹിഷ്ണുതയുമെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ പ്രസ്താവന നടത്തിയ സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്ക് അല്പനും അസഹിഷ്ണുവുമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പടെ എല്ലാവരും അംഗീകരിക്കുന്ന ധനകാര്യ മന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍. കിഫ്ബിയെ കുറിച്ച് നിര്‍മലാജി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തോമസ് ഐസക് തയ്യാറാകണമെന്നും സുരേന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിര്‍മലാജിയെ അവഹേളിക്കുന്ന തരത്തിലാണ് ഐസക്കിന്റെ പ്രസ്താവന. കേന്ദ്ര ധനമന്ത്രിക്ക് ആരോ പ്രസംഗം എഴുതി കൊടുക്കുന്നു എന്നാണ് ഐസക്ക് പറഞ്ഞത്. ഐസക്കിന്റെ ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നു. കിഫ്ബി ഭരണഘടനാ വിരുദ്ധമാണന്ന് സി എ ജിയും പറഞ്ഞിട്ടുണ്ട്. ബജറ്റിന് പുറത്ത് പണം ധൂര്‍ത്തടിക്കാനുള്ള മാര്‍ഗ്ഗമാണത്. കൂടുതല്‍ പലിശക്ക് പണമെടുത്ത് ധൂര്‍ത്തടിക്കുന്നു. കിഫ്ബിക്കെതിരായ സി എ ജി റിപ്പോര്‍ട്ട് ചോര്‍ത്തി പരിഹാസ്യനായ ആളാണ് മന്ത്രി ഐസക്ക്. ഭരണഘടനാ സ്ഥാപനത്തിന്റെ മഹത്വം അദ്ദേഹം ഇല്ലാതാക്കി.

ഏതുതരം സാമ്പത്തിക വൈദഗ്ധ്യം ആണ് ഐസക്കിന് ഉള്ളതെന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രി പോലും അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. കിഫ്ബി എന്ന സംവിധാനത്തിന് ഭരണഘടനാപരമായ നിലനില്‍പ്പ് ഉണ്ടോ? ആര്‍ ബി ഐയുടെ അനുമതി ഉണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി നല്‍കാന്‍ തോമസ് ഐസക് തയ്യാറാകണം. എല്ലാ നിയമ സംവിധാനങ്ങളെയും ചട്ടങ്ങളെയും ഇല്ലായ്മ ചെയ്ത് പണം ധൂര്‍ത്തടിക്കാനാണ് കിഫ്ബിയുണ്ടാക്കിയത്.

ഒരു സംസ്ഥാനത്തെ ധനമന്ത്രിക്കെതിരെ വസ്തുതാപരമായ ആരോപണമാണ് കേന്ദ്ര ധനമന്ത്രി ഉന്നയിച്ചത്. ജനങ്ങളെ ഈട് നിര്‍ത്തി പണം കൂടിയ പലിശക്ക് കടമെടുത്താണ് ധൂര്‍ത്തടിക്കുന്നത്. തോമസ് ഐസക്കിന്റെ വികസന മാതൃകയ്ക്ക് പ്രധാനപ്പെട്ട ഉദാഹരണമാണ് ചെല്ലാനം തീരവാസികള്‍ അനുഭവിക്കുന്നത്. കേന്ദ്രം നല്‍കിയ പണം വകമാറ്റി ചെലവഴിച്ചു. കേന്ദ്രം നല്‍കിയ 200 കോടിയില്‍ വെറും 25 കോടി മാത്രമാണ് ചെല്ലാനത്തിനായി ചെലവിട്ടത്. കെ എസ് ആര്‍ ടി സി പോലും നേരെ ചൊവ്വേ നടത്താന്‍ അറിയാത്ത ഐസക്ക് വലിയ ധനകാര്യ വിദഗ്ധനായി മേനി നടിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.