Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

ശമ്പളകുടിശ്ശിക: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രതിഷേധസമരത്തിലേക്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അലവന്‍സ് പരിഷ്‌കരണം അടക്കമുള്ള ശമ്പളകുടിശ്ശിക നല്‍കാത്തതിലും എന്‍ട്രി കേഡര്‍, കരിയര്‍ അഡ്വാന്‍സ്‌മെന്റ് പ്രൊമോഷന്റെ കാലയളവ് അടക്കമുള്ള അപാകതകള്‍ പരിഹരിക്കാത്തതിനും എതിരെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിലേക്ക്.

സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാര്‍ക്കും കാലതാമസം കൂടാതെ ശമ്പള വര്‍ദ്ധന നല്‍കിയപ്പോള്‍, ജീവന്‍പോലും അവഗണിച്ചു സംസ്ഥാനത്തെ കോവിഡ് ദുരന്തത്തില്‍ നിന്ന് കരകയറ്റാന്‍ പ്രയത്‌നിച്ച ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല. 2016 ല്‍ ലഭിക്കേണ്ട ശമ്പളപരിഷ്‌കരണം 2020 വരെ നീണ്ടു. ഈ കാലയളവില്‍ കിട്ടേണ്ട അലവന്‍സുകള്‍ അടക്കമുള്ള ശമ്പള കുടിശ്ശികയും ലഭിച്ചില്ലെന്നും കെ ജി എം സി ടി എ അറിയിച്ചു.

ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് 2017 ജൂലൈ ഒന്ന് മുതല്‍ അലവന്‍സ് പരിഷ്‌കരണം അടക്കമുള്ള അരിയറിന് അര്‍ഹതയുണ്ടെന്ന് പറയുകയും മിനുട്ട് രേഖപ്പെടുത്തിയതുമാണ്. ഇക്കാര്യം ധനമന്ത്രിയുമായും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഓര്‍ഡര്‍ വന്നപ്പോള്‍, 2019 ജൂലൈ ഒന്നു മുതല്‍ മാത്രമാണ് അലവന്‍സിന്റെ അരിയര്‍ അനുവദിച്ചത്. 2017 ജൂലൈ ഒന്നു മുതല്‍, 2019 ജൂണ്‍ 30 വരെയുള്ള അലവന്‍സ് നഷ്ടപ്പെട്ടന്നും അത് നല്‍കണമെന്നുമാണ് ഡോക്ടര്‍മാരുടെ ആവശ്യം.

മിനുട്ടഡ് മീറ്റിംഗില്‍ എന്‍ട്രി കേഡറിലുള്ള ശമ്പളത്തിന്റെ അപാകത പരിഹരിക്കുന്ന കാര്യവും കരിയര്‍ അഡ്വാന്‍സിമെന്റ് പ്രൊമോഷന്റെ സമയപരിധി കുറക്കുന്ന കാര്യവും സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും അതിന്റെയും ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ലെന്നും അത് ഉടന്‍ ഇറക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഇതെല്ലാം ലഭിക്കുന്നതിന് വേണ്ടി നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇതിനെതിരെ പ്രതിഷേധിച്ച് കെ ജി എം സി ടി എ സംസ്ഥാനതലത്തില്‍ വഞ്ചനദിനം ആചരിക്കും. മെഡിക്കല്‍ കോളേജിലും പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നിലും തിരുവനന്തപുരത്തു ഡി എം ഇ ഓഫീസിനു മുന്നിലും പ്രതിഷേധജാഥയും ധര്‍ണയും നടത്തും. വി ഐ പി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കോവിഡ് നോണ്‍ എമര്‍ജന്‍സി മീറ്റിംഗുകള്‍ എന്നിവ ബഹിഷ്‌കരിക്കും. അധികജോലികള്‍ ബഹിഷ്‌കരിക്കും. രോഗികളുമായൊ അധ്യാപനവുമായോ ബന്ധമില്ലാത്ത എല്ലാ ജോലികളും ബഹിഷ്‌കരിക്കും. മാര്‍ച്ച് മൂന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് കരിദിനം ആചരിക്കുമെന്നും കെജിഎംസിടി അറിയിച്ചു.

ഇതിലും തീരുമാനം ഒന്നുമില്ലെങ്കില്‍, മാര്‍ച്ച് 10 ന് സെക്രെട്ടേറിയറ്റിനു മുന്നില്‍ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. അന്നേ ദിവസം വൈകിട്ട് 8 മണിക്ക്, മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രെസ്സ് കോണ്‍ഫറന്‍സ് നടത്തും. പ്രതിഷേധങ്ങള്‍ക്ക് എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കും.

പിന്നെയും തീരുമാനമായില്ലെങ്കില്‍ മാര്‍ച്ച് 17 ന് ഒരുദിവസം 24 മണിക്കൂര്‍ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്‌കരിക്കും. അത്യാഹിതസര്‍വീസുകള്‍, ലേബര്‍ റൂം, ക്യാഷ്വലിറ്റി, അടിയന്തിരശസ്ത്രക്രിയകള്‍, വാര്‍ഡ് ഡ്യൂട്ടി, കോവിഡ് ചികിത്സ എന്നിവ മുടക്കം കൂടാതെ നടത്തും.

മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്നും, അനാവശ്യസമരത്തിലേക്ക് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ തള്ളിയവിടരുതെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.