Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഷൂട്ടിങ്ങിനിടെ ഫഹദ് ഫാസില്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണു

കൊച്ചി: സിനിമാ ഷൂട്ടിംഗിന് ഇടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം. അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം

‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയില്‍ സെറ്റിനു മുകളില്‍നിന്നു വീണു പരിക്കേല്‍ക്കുകയായിരുന്നു. വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം.

ഷൂട്ടിങ്ങിനായി വീട് സെറ്റിട്ടിരുന്നു. ഈ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് പരുക്കേറ്റത്. വീടിനു മുകളില്‍നിന്നു താരം താഴെ വീഴുകയായിരുന്നു. ഫഹദിന് പരുക്കേറ്റതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഫഹദ് ഫാസില്‍ നായകനാകുന്ന സര്‍വൈവല്‍ ത്രില്ലറാണ് ‘മലയന്‍കുഞ്ഞ്’. സജിമോന്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥ മഹേഷ് നാരായണനാണ്. രജീഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാണം ഫാസിലാണ്.