Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

ഇ ഡി യുടെ ഭീഷണിക്ക് ഒരിഞ്ച് വഴങ്ങില്ലെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഏറ്റുമുട്ടാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭാവമെങ്കില്‍ നേരിടുമെന്ന് മന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് കാലത്ത് ഇ.ഡി നടത്തുന്ന ഈ പ്രവൃത്തി ചട്ടലംഘനമാണ്. പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തില്‍ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയെക്കുറിച്ച് ഒന്നും അറിയാത്ത ഉദ്യോഗസ്ഥരാണ് ഇ ഡിയിലെന്ന് ഐസക് പറഞ്ഞു. കേന്ദ്ര ധനമന്ത്രി നേരിട്ടാണ് കിഫ്ബിയെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥരെ ഇറക്കിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ്. മുന്‍പ് കേരളത്തില്‍ വന്നപ്പോള്‍ നടത്തിയ പ്രസംഗവും കിഫ്ബിയെക്കുറിച്ചായിരുന്നു.

തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണ് നിര്‍മല സീതാരാമന്‍. ഇ.ഡിയെ ബിജെപി ഉപയോഗിക്കുകയാണ്. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അവര്‍ക്ക് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല വേണ്ടത്. ഒരുകാര്യം ഇഡിയോട് വ്യക്തമാക്കാം. ഇവര്‍ കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരാണ്. ഭീഷണിപ്പെടുത്താനാണ് ഉദ്ദേശമെങ്കില്‍, ഇത് വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളല്ല എന്നോര്‍ക്കണം. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇവിടെ നിയമപാലനത്തിന് പൊലീസ് ഉണ്ട്. പേടിച്ചൊന്നും പിന്‍മാറാന്‍ തീരുമാനിച്ചിട്ടില്ല.

ഇവരുടെ ഉദ്ദേശം കിഫ്ബിയെ ഞെക്കി കൊല്ലുക എന്നതാണ്. കേന്ദ്ര ധനമന്ത്രിതന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. ബോണ്ട് എന്നുപറഞ്ഞാല്‍ എന്താണ് എന്ന് മനസ്സിലാക്കണം. എപ്പോ വേണമെങ്കിലും വില്‍ക്കാവുന്ന ഒന്നാണത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് കിഫ്ബിയെ ഒന്ന് പൊളിക്കാന്‍ നോക്കുന്നതാണ്. ഇവരുടെ സ്വഭാവം നന്നായി അിയാവുന്നകൊണ്ട് മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. കേരളത്തിലെ സ്‌കൂളുകളും ആശുപത്രികളും ഇങ്ങനെ മാറ്റിയതാണോ സര്‍ക്കാര്‍ ചെയ്ത തെറ്റ്. 2040 വരെ കേരളത്തില്‍ വൈദ്യുതി കട്ട് ഉണ്ടാകില്ല എന്നതോ. സര്‍ക്കാരിന്റെ വികസന പദ്ധതികളെ തകര്‍ക്കുക തന്നെയാണ് ലക്ഷ്യം. ഇതെല്ലാം നാടിന്റെ സമ്പത്താണ്. ഇതിനൊപ്പം നില്‍ക്കാനാണ് ബിജെപിയായാലും കോണ്‍ഗ്രസ് ആയാലും ചെയ്യേണ്ടത്. ഭീഷണിക്ക് ഒരിഞ്ചുപോലും വഴങ്ങാന്‍ പോകുന്നില്ല.

ഇക്കാര്യത്തില്‍ ഒളിച്ചുകളി നടത്തുന്ന യുഡിഎഫിനെ ലൈഫ് മിഷന്റെ കാര്യത്തിലെന്നപോലെ ജനങ്ങള്‍ അവരുടെ നിലപാട് തിരുത്തിക്കും. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. മസാല ബോണ്ട് വിദേശനാണയ വിനിമയചട്ടത്തിന്റെ ലംഘനമാണെന്നാണ് ഇ.ഡി. ആരോപിക്കുന്നത്. വിദേശ വായ്പ സംബന്ധിച്ച് നിയമം ഉണ്ടാക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനു മാത്രമേ വിദേശ വായ്പ എടുക്കാനാവൂ എന്ന സിഎജിയുടെ കണ്ടെത്തല്‍ വിഡ്ഢിത്തമാണ്.

ഫെമ നിയമത്തിനു കീഴില്‍ വായ്പ എടുക്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതില്‍ ആര്‍ക്കൊക്കെയാണ് വായ്പയെടുക്കാന്‍ അവകാശമുള്ളത് എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടെങ്കില്‍ ഇന്ത്യയിലെ ഏത് ബോഡി കോര്‍പറേറ്റിനും വായ്പയെടുക്കാം. മാര്‍ഗനിര്‍ദേശ പ്രകാരം കിഫ്ബി ബാങ്കുകള്‍ വഴി ആര്‍ബിഐയുടെ അനുമതിക്ക് അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് വായ്പയെടുത്തത്. അത് എന്തിനുവേണ്ടി വിനിയോഗിച്ചു എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

കേരള സര്‍ക്കാരല്ല വായ്പയെടുത്തിരിക്കുന്നത്. കിഫ്ബി നിയമം പ്രകാരം ബോര്‍ഡി കോര്‍പറേറ്റ് എന്നാണ് കിഫ്ബിയെ നിര്‍വചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളെടുക്കുന്ന വായ്പാ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 293 നു കീഴില്‍ കിഫ്ബി വരില്ല. അതുകൊണ്ടുതന്നെ ഭരണഘടനാ ലംഘനവുമല്ല. ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ കിഫ്ബിയെ ഉപയോഗിക്കാന്‍ സാധിക്കില്ല. കിഫ്ബി എങ്ങനെയാണ് ധനസമാഹരണം നടത്തുന്നതെന്ന് പ്രാഥമിക ധാരണ പോലും ഇല്ലാതെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.