Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

മെറിന്റെ മരണം; പുനരന്വേഷണം തുടങ്ങി, രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ടെലിവിഷന്‍ അവതാരക മെറിന്‍ ബാബുവിന്റെ (29) മരണത്തില്‍ ആലപ്പുഴ പോലീസ് പുരന്വേഷണം തുടങ്ങി. മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അന്വേഷണത്തില്‍ വീഴചകള്‍ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് അലപ്പുഴ സൗത്ത് എസ്എച്ച്ഒയ്ക്കും ആലപ്പുഴ ഡിവൈഎസ്പിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

മകളുടെ മരണത്തിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച ആരോപിച്ച് മെറിന്റെ മാതാപിതാക്കളായ മേരിദാസ് ബാബുവും എലിസബത്ത് ബാബുവും ഡിജിപിക്കും കൊച്ചി റേഞ്ച് ഡിഐജിക്കും പരാതി നല്‍കി. അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. 2018 നവംബര്‍ ഒന്‍പതിനാണ് മെറിനെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അലപ്പുഴ സൗത്ത് എസ്‌ഐ മുരളീധരന്‍ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് 2018 ഡിസംബര്‍ 24 ന് അലപ്പുഴ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ടിലും കെമിക്കല്‍ വിശകലന റിപ്പോര്‍ട്ടിലും തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല. മെറിന്റെ മാതാപിതാക്കളുടെ അപേക്ഷയെത്തുടര്‍ന്ന്, കേസില്‍ സ്വീകരിച്ച നടപടികള്‍ കെ.എം. ടോമി പരിശോധിച്ചിരുന്നു. ഇത് ക്രമരഹിതമാണെന്ന് കണ്ടെത്തിയതിനാല്‍, അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് ആലപ്പുഴ സൗത്ത് എസ്എച്ച്ഒ ക്കും അലപ്പുഴ ഡിഎസ്പിക്കും അലപ്പുഴ ജില്ലാ പോലീസ് മേധാവി മെമ്മോ നല്‍കുകയായിരുന്നു.

എസ്പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേസ് ഡയറി വിശദമായി പരിശോധിക്കുകയും മുരളീധരന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കണ്ടെത്തിയിരുന്നു. ഇതെതുടര്‍ന്ന് വിശദ അന്വേഷണത്തിനായി ജൂലൈ ഏഴിന് ആലപ്പുഴ ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിഎസ്പിയെ അന്വേഷണം ഏല്‍പ്പിച്ചു. തുടര്‍ന്ന്, ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിഎസ്പി വി.എന്‍. സാജി ജൂലൈ 12 ന് അന്വേഷണം ഏറ്റെടുത്തു.

അലപ്പുഴയിലെ ഫ്‌ളാറ്റില്‍ സീലിംഗ് ഫാനില്‍ കെട്ടിയിരിക്കുന്ന ചുവന്ന ഷാളില്‍ തൂങ്ങിമരിച്ച നിലയിലാണ് മെറിനെ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന് മെറിന്റെ മാതാപിതാക്കള്‍ സംശയിക്കുന്നു. മെറിനും ഭര്‍ത്താവും വിവാഹമോചനം നേടാന്‍ പദ്ധതിയിട്ടിരുന്നതായും മാതാപിതാക്കള്‍ അറിയിച്ചു. ആലപ്പുഴയിലെ തന്നെ ഒരു ദേശസാല്‍കൃത ബാങ്കില്‍ ജോലിക്കാരനായ ഭര്‍ത്താവ് അഭിലാഷിനൊപ്പം താമസിക്കുകയായിരുന്നു മെറിന്‍.

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മെറിന്റെ മാതാപിതാക്കള്‍ പറയുന്നു. മരിക്കുന്നതിനു മുന്‍പ് മെറിന്‍ ഫോണില്‍ വിളിച്ച് നവബര്‍ 11 ന് വീട്ടിലെത്തുമെന്നും സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും പറഞ്ഞിരുന്നതായി മെറിന്റെ പിതാവ് പറഞ്ഞു. മെറിന് ഗര്‍ഭം ധരിക്കാനുള്ള കഴിവില്ലായ്മയെക്കുറിച്ച് അഭിലാഷ് മെറിനുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും ഭര്‍ത്താവ് സുഹൃത്തുക്കളോടൊപ്പം ഫ്‌ളാറ്റില്‍ മദ്യം കഴിക്കുന്നതിനെ മെറിന്‍ എതിര്‍ത്തിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞറിഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു. മാരിന്റെ ഭര്‍ത്താവിന്റെ പ്രസ്താവന രേഖപ്പെടുത്തിയിട്ടില്ലെന്നും മെറിന്റെ മൃതദേഹത്തില്‍ പാടുകള്‍ കണ്ടിരുന്നുവെന്നും പക്ഷേ, ഇതെക്കുറിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.