Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

പര്‍പ്പിള്‍ നിറമായി ആകാശം

ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ ആകാശത്തിനു വിചിത്രനിറം. ആകാശം പര്‍പ്പിള്‍ നിറത്തിലാണ് കാണപ്പെടുന്നത്. തുടര്‍ച്ചയായി സംഭവിക്കുന്ന സ്‌ഫോടനങ്ങള്‍ കാരണം സിനബന്ദ് അഗ്‌നിപര്‍വതത്തിന് മുകളില്‍ മിന്നലുണ്ടായതോടെയാണ് ആകാശം പര്‍പ്പിള്‍ നിറത്തില്‍ കാണപ്പെട്ടത്.

ആയിരക്കണക്കിന് അടി മുകളിലേക്ക് പുകഞ്ഞുക്കൊണ്ടിരുന്ന അഗ്‌നിപര്‍വതത്തിനു സമീപം മിന്നല്‍പിണറുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ആകാശം നിറംമാറ്റത്തോടെ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് സിനബന്ദ് പര്‍വതത്തില്‍ വീണ്ടും സ്‌ഫോടനങ്ങളുണ്ടായി തുടങ്ങിയത്. 13 സ്‌ഫോടങ്ങളാണ് ചൊവ്വാഴ്ച മാത്രം ഉണ്ടായത്.

അഗ്‌നി പര്‍വതത്തിനു സമീപത്തായി അന്തരീക്ഷം ഈര്‍പ്പവും മൂടല്‍ മഞ്ഞും പൊടിപടലങ്ങളും മൂടിയ നിലയിലാണ്. ഇവയിലൂടെ മിന്നലിന്റെ പ്രകാശം കടന്നുപോയതോടെ ആകാശം പര്‍പ്പിള്‍ നിറത്തില്‍ കാണപ്പെടുകയായിരുന്നു.

സിനബന്ദ് അഗ്‌നിപര്‍വതത്തിന് 8530 അടി ഉയരമുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി പര്‍വതത്തില്‍ അപകടകരമാം വിധം സ്‌ഫോടങ്ങളള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനുശേഷം അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് 25 ആളുകളാണ് ഇതുവരെ അവിടെ മരണപ്പെട്ടത്. കഴിഞ്ഞ ആഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ ആര്‍ക്കും ജീവാപായമില്ല.

17,000 ത്തോളം ദ്വീപുകള്‍ അടങ്ങിയ ഇന്തോനേഷ്യന്‍ ദ്വീപ സമൂഹത്തില്‍ 130 അഗ്‌നിപര്‍വതങ്ങളാണുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷമാണ് അഗ്‌നിപര്‍വതം കൂടുതല്‍ ശക്തി പ്രാപിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ കനത്ത പുക ഉണ്ടാകുന്നതിനാല്‍ പ്രദേശവാസികള്‍ കൂടുതലും വീടിനുള്ളില്‍ തന്നെ കഴിയുകയാണ്.

അഗ്‌നിപര്‍വതത്തിന്റെ മൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി ഇന്തോനേഷ്യയുടെ വോള്‍ക്കാനോളജി ആന്‍ഡ് ജിയോളജിക്കല്‍ ഹസാര്‍ഡ് മിറ്റിഗേഷന്‍ സെന്റര്‍ അറിയിച്ചു.