Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

ഇത് പഴയ കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല

കേരളത്തിലെ സി പി എം ശക്തമായ കേഡറിന്റെയും അച്ചടക്കത്തിന്റെയും പ്രസ്ഥാനമാണെന്ന് നേരത്തെ അഭിമാനിച്ചിരുന്നു. കോട്ടയം സമ്മേളനത്തില്‍ വി എസ് അനുകൂല പ്രകടനം നടത്തിയവരെ ചൊരിയുന്ന മഴയ്ക്കു മുന്നില്‍ നിന്ന് പിണറായി വിജയന്‍ ശാസിച്ച ചിത്രം ഇന്ന് നമ്മുടെ മുന്നിലുണ്ട്. ഉള്ളില്‍ വെള്ളമുള്ളതുകൊണ്ട് എന്തും കാണിക്കാന്‍ ശ്രമിക്കണ്ട, ഈ പാര്‍ട്ടി നിങ്ങള്‍ ഉദ്ദേശിക്കുന്ന പാര്‍ട്ടിയല്ല എന്നായിരുന്നു. പത്രസമ്മേളനങ്ങളിലും പൊതുസമ്മേളനങ്ങളിലും പിണറായി വിജയന്‍ ഈ പ്രസ്താവന ആവര്‍ത്തിച്ചിരുന്നു.

തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ സി പി എം അച്ചടക്കത്തിന്റെ കാര്യത്തില്‍ കൂപ്പുകുത്തിയിരിക്കുന്നു. വി എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ പലയിടത്തും പ്രകടനം നടന്നതുപോലെ ഒറ്റപ്പെട്ട സംഭവമല്ല ഇന്ന് കേരളത്തിലെ സി പി എമ്മില്‍ അരങ്ങേറുന്നത്. അച്ചടക്കം ലംഘിച്ച് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഒരേ രീതിയില്‍ പ്രകടനം നടന്നു. പൂര്‍ണ്ണമായും പാര്‍ട്ടി അച്ചടക്കത്തെ വെല്ലുവിളിച്ച്, പാര്‍ട്ടി സംവിധാനത്തെ നോക്കുകുത്തിയാക്കി പാര്‍ട്ടി നേതാക്കളുടെ അഴിമതിയുടെയും കോഴയുടെയും കണക്കുകള്‍ വിളിച്ചു പറഞ്ഞായിരുന്നു പ്രകടനം. തിരുവനന്തപുരം അരുവിക്കരയില്‍ ഡി കെ മുരളിയെ വെട്ടി ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ആലപ്പുഴയില്‍ ജി സുധാകരനും ഐസക്കിനും സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പോസ്റ്ററുകള്‍ നിരന്നു. സുധാകരനു പകരം എസ് ഡി പി ഐ നേതാവ് സലാമിന് സീറ്റ് കൊടുത്തത് വലിയ വിവാദമായി. ചേര്‍ത്തലയില്‍ എന്‍ പി തണ്ടാരുടെ മരുമകന്‍ പി എസ് ജ്യോതിസ് രാജിവെച്ചത് വന്‍ തിരിച്ചടിയായി.

കളമശ്ശേരിയില്‍ പി രാജീവിനെ മത്സരിപ്പിച്ചതിന് എതിരെയും പിറവത്ത് കേരളാ കോണ്‍ഗ്രസ് മാണിക്ക് സീറ്റ് കൊടുത്തതിന് എതിരെയും പ്രതിഷേധം ഉണ്ടായി. തൃശ്ശൂരില്‍ വിജയരാഘവന്റെ ഭാര്യ ബിന്ദുവിനും ചേലക്കരയില്‍ യു ആര്‍ പ്രദീപിനെ മാറ്റി കെ രാധാകൃഷ്ണനെ കൊണ്ടുവരുന്നതിന് എതിരെയും പോസ്റ്റര്‍ വന്നു. തരൂരില്‍ എ കെ ബാലന്റെ ഭാര്യ ഡോ. പി ജമീലയ്ക്ക് സീറ്റ് കൊടുക്കാനുള്ള നീക്കം വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നു. മലപ്പുറത്ത് പൊന്നാനിയില്‍ നന്ദകുമാറിന് സീറ്റ് കൊടുക്കുന്നതിന് എതിരെ പ്രകടനം നടത്താന്‍ ഇറങ്ങിയത് മുസ്ലീം സഖാക്കള്‍ തന്നെയായിരുന്നു. കുറ്റ്യാടി സീറ്റ് മാണി ഗ്രൂപ്പിന് കൊടുക്കുന്നതിന് എതിരെ വന്‍ പ്രതിഷേധം നടന്നുവെന്ന് മാത്രമല്ല, പി മോഹനനും കെ കെ ലതികയ്ക്കും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കും എതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കണ്ണൂരില്‍ പി ജയരാജനെ വെട്ടിനിരത്തിയതിന് എതിരെ പ്രതിഷേധവും രാജിയും വ്യാഴാഴ്ച രാത്രി വരെയും മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏകാധിപത്യത്തിന്റെയും സ്റ്റാലിനിസത്തിന്റെയും കാലം കഴിഞ്ഞു. ജനാധിപത്യബോധമില്ലാതെ ഭാര്യയെയും ബന്ധുക്കളെയും സ്ഥാനാര്‍ത്ഥികളാക്കി സാധാരണക്കാരെ തല്ലുകൊള്ളാനും രക്തസാക്ഷികളാക്കാനും മാത്രം വിടുന്ന സംവിധാനത്തിന് എതിരെ യുവാക്കളും ആത്മാഭിമാനം ഉള്ളവരും രംഗത്തു വന്നുകഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പുതിയ പരിവര്‍ത്തനത്തിലേക്ക് നീങ്ങുകയാണ്. മാറ്റം മാത്രമേ മാറാതെയുള്ളൂ എന്ന വചനം ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്.