Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

അസോള വളര്‍ത്താം വളരെ എളുപ്പത്തില്‍

നെല്‍പ്പാടങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളിലും കണ്ടുവരുന്ന ഒരുതരം പന്നല്‍ച്ചെടിയാണ് അസോള. ഇതിന്റെ ഇലകളില്‍ അധിവസിക്കുന്ന അനീബ അസോളെ എന്ന നീലഹരിത പായലാണ് ഇതിനെ ജീവാണുവളമാക്കി മാറ്റുന്നത്. 5 ടണ്‍ അസോളയ്ക്ക് 30 കിലോ പാക്യജനകാധിഷ്ഠിത രാസവളപ്രയോഗം മൂലം ഉണ്ടാകുന്ന അതേ വിളവ് തരാന്‍ സാധിക്കുമെന്ന് പല കൃഷിയിടങ്ങളില്‍ നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന സസ്യമാണ് അസോള. 10-15 സെ.മീ വരെ മാത്രം ആഴത്തില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ കഴിവുള്ള എവിടെയും ഇത് വളര്‍ത്താം. ചതുരത്തില്‍ 10 സെ.മീ താഴ്ചയുള്ള തടമുണ്ടാക്കി സില്‍പോളിന്‍ ഷീറ്റ് വിരിക്കണം. ഇതില്‍ വെള്ളം നിര്‍ത്തി അസോള വളര്‍ത്താം.

ടെറസിലാണ് ഉണ്ടാക്കുന്നതെങ്കില്‍ ചുറ്റും ഇഷ്ടിക വച്ച് തടമുണ്ടാക്കി സിര്‍പാളിന്‍ ഷീറ്റ് വിരിച്ചാല്‍ മതി. ഷെയ്ഡ് നെറ്റ് ഉപയോഗിച്ച് 50 ശതമാനം തണല്‍ നല്‍കണം. 2 മീറ്റര്‍ നീളം, 1 മീറ്റര്‍ വീതി, 10 സെ.മീ താഴ്ച എന്ന കണക്കില്‍ വലുപ്പമുള്ള തടത്തിലെ വെള്ളത്തില്‍ 5 കിലോ ചാണകവും മണ്ണും 30 ഗ്രാം രാജഫോസ് വളവും കൂടി കലക്കി ചേര്‍ത്താല്‍ അസോള നടാന്‍ പറ്റും. ഇതില്‍ കുറച്ച് അസോളച്ചെടികള്‍ ഇട്ടാല്‍ അവ പെട്ടെന്ന് വംശവര്‍ദ്ധന നടത്തി തടം നിറയും.

തടം നിറയുന്നതനുസരിച്ച് കോരിയെടുത്ത് കമ്പോസ്റ്റ് ഉണ്ടാക്കുവാനോ പുതയിടാനോ കന്നുകാലികള്‍, കോഴി എന്നിവയ്ക്ക് തീറ്റയായോ ഉപയോഗിക്കാം. കമ്പോസ്റ്റ് ഉണ്ടാക്കുകയാണെങ്കില്‍ ഇവ 5-10 ദിവസങ്ങള്‍ കൊണ്ട് അഴുകി കിട്ടും. വളമായി മാത്രം ഉപയോഗിച്ചുവന്ന അസോള ഇപ്പോള്‍ ഭക്ഷണത്തിനായും ഉപയോഗിക്കാറുണ്ട്.

തയ്യാറാക്കിയത്: ഡോ. സി.കെ. പീതാംബരന്‍
കേരള കാര്‍ഷിക സര്‍വ്വകലാശാലാ ഗവേഷണവിഭാഗം മുന്‍ ഡയറക്ടര്‍