Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

അഞ്ചുവര്‍ഷത്തിനിടെ ഒന്നരലക്ഷം പേര്‍ക്ക് നിയമനം നല്‍കിയെന്ന സര്‍ക്കാര്‍ വാദം തെറ്റെന്ന് വിവരാവകാശ രേഖകള്‍

കോഴിക്കോട്: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒന്നരലക്ഷം പേര്‍ക്കു നിയമനം നല്‍കിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് വ്യക്തമാക്കി വിവരാവകാശ രേഖകള്‍. ഒരുലക്ഷം പേര്‍ക്കു പോലും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം ലഭിച്ചിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സേവ് എജ്യുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജര്‍ഖാന്‍, ശമ്പള സോഫ്റ്റ്‌വെയര്‍ വഴിയുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

2016 ജൂണ്‍ മുതല്‍ 2021 ഫെബ്രുവരി വരെ സ്പാര്‍ക്ക് സോഫ്റ്റ് വെയറില്‍ പുതുതായി അക്കൗണ്ട് സൃഷ്ടിച്ചതും ശമ്പളം നല്‍കിയതും 1,09,585 പേര്‍ക്കാണ്. ഇതില്‍ 14,389 പേര്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരാണ്. എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ മാനേജ്‌മെന്റുകളാണ് നിയമിക്കുന്നത്. ബാക്കി 95,196 പേര്‍ക്കു മാത്രമാണു പി എസ് സി വഴി നിയമനം ലഭിച്ചത്.

അഞ്ചുവര്‍ഷത്തിനിടെയുണ്ടായ വിരമിക്കല്‍ ഒഴിവുകള്‍ പോലും പൂര്‍ണമായും നികത്തപ്പെട്ടിട്ടില്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും ശരാശരി 20,000 പേരെങ്കിലും വിരമിച്ചിട്ടുണ്ട്. ഈ തസ്തികകളും പുതുതായി സൃഷ്ടിച്ച തസ്തികകളും ഉള്‍പ്പെടുത്തിയാല്‍ ഇതിന്റെ ഇരട്ടിയെങ്കിലും നിയമനം നടക്കേണ്ടതാണ്.

അഞ്ചുവര്‍ഷം കൊണ്ട് 1,51,513 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെട്ടത്. ഒരാള്‍ക്ക് ഒന്നിലേറെ ജോലികള്‍ക്കു നിയമന ശുപാര്‍ശ ലഭിക്കാമെന്നിരിക്കെ ഇതൊരിക്കലും യഥാര്‍ഥത്തില്‍ ജോലി കിട്ടിയവരുടെ കണക്ക് ആവണമെന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. യഥാര്‍ഥത്തില്‍ ജോലി കിട്ടിയവരുടെ എണ്ണം പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായതുമില്ല. ഇതു സംബന്ധിച്ചു പല തവണ നിയമസഭയിലടക്കം ചോദ്യം ഉയര്‍ന്നെങ്കിലും വിവരം ശേഖരിച്ചു വരുന്നു എന്നായിരുന്നു മറുപടി.