Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

കെവിന്‍ കൊലക്കേസ്: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കേരളത്തില്‍ ഇതാദ്യമായി ദുരഭിമാനക്കൊലക്കുറ്റം ചുമത്തിയ കെവിന്‍ കൊലക്കേസില്‍ 10 പ്രതികള്‍ക്കും കോടതി ഇരട്ടജീവപര്യന്തം തടവും 4.85 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് നിരീക്ഷിച്ച കോടതി പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ വിധിക്കാതിരുന്നത്.

ഒമ്പത് വകുപ്പുകളിലായി കഠിനതടവ് അടക്കം വിവിധ ശിക്ഷകള്‍ വിധിച്ചിട്ടുണ്ടെങ്കിലും എല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി. ജയചന്ദ്രനാണ് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴത്തുകയില്‍നിന്ന് കേസിലെ ഒന്നാം സാക്ഷിയായ അനീഷിന് ഒരുലക്ഷം രൂപ നല്‍കണം. ബാക്കി തുക കെവിന്റെ പിതാവിനും കെവിന്റെ ഭാര്യ നീനുവിനും നല്‍കാനും കോടതി നിര്‍ദേശിച്ചു.

കെവിന്റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായത്. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു. റെക്കോര്‍ഡ് വേഗത്തിലാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിച്ചത്. നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍, ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

2018 മെയ് 27 ന് പുലര്‍ച്ചെയാണ് മുഖ്യസാക്ഷിയായ അനീഷിന്റെ വീടാക്രമിച്ച് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. 28 ന് രാവിലെ 11 മണിക്ക് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു.