Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

യു.ഡി.എഫ് 92 മുതല്‍ 101 സീറ്റ് നേടുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് 92 മുതല്‍ 101 സീറ്റ് വരെ നേടുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഇടത് സര്‍ക്കാരിനെതിരെ നിശ്ശബ്ദ തരംഗമുണ്ടെന്നും ഇത് നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം നേടാന്‍ വഴിയൊരുക്കുമെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാധ്യതകളെ കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി തെരഞ്ഞെടുപ്പിന് മുന്‍പ് രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. സമാനമായ കണ്ടെത്തലാണ് പിണറായി സര്‍ക്കാറിന് കീഴിലുള്ള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുമുള്ളത്. 75 മുതല്‍ 84 വരെ സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.

പിണറായി സര്‍ക്കാരിനെതിരായ വികാരം അടിത്തട്ടില്‍ ശക്തമാണെന്നും ഏഴ് മന്ത്രിമാര്‍ പരാജയപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വര്‍ണക്കടത്ത് വലിയ ചര്‍ച്ചയായിട്ടില്ല. എന്നാല്‍, പിന്‍വാതില്‍ നിയമനവും ഉദ്യോഗാര്‍ത്ഥികളുടെ സമരവും ശബരിമല വിശ്വാസികളുടെ വികാരവും ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കാനുള്ള ശ്രമവും സര്‍ക്കാരിന് കനത്ത തിരിച്ചടിയാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

നാല് ജില്ലകളില്‍ യു.ഡി.എഫിന് സമ്പൂര്‍ണ വിജയം ഉണ്ടാവും. എന്നാല്‍, ഏതെല്ലാം ജില്ലകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. തീരദേശ മേഖലയിലും യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കും. മദ്ധ്യകേരളത്തില്‍ യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സി.പി.എമ്മിനുള്ളില്‍ നിന്ന് യു.ഡി.എഫിന് അനുകൂലമായ് അടിയൊഴുക്കുണ്ടാവാനുള്ള സാദ്ധ്യതയും ഐ.ബി വിലയിരുത്തുന്നതായും വീക്ഷണം പറയുന്നു.