Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

തപാല്‍ വോട്ടിലും 80 കഴിഞ്ഞവരുടെ വോട്ട് വീടുകളില്‍ പോയി രേഖപ്പെടുത്തിയതിലും ക്രമക്കേടെന്ന ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: തപാല്‍ വോട്ടിലും ഇരട്ടിപ്പെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നരലക്ഷം ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ശേഷവും തപാല്‍ വോട്ടിന് അവസരം ലഭിച്ചുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

പല ഉദ്യോഗസ്ഥരുടെയും വീട്, ഓഫീസ്, മേല്‍വിലാസങ്ങളിലേക്കാണ് തപാല്‍ വോട്ട് വരുന്നത്. ഇവരെല്ലാം വോട്ട് രേഖപ്പെടുത്തിയാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പരിശോധന നടത്താമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയെന്നും ചെന്നിത്തല അറിയിച്ചു.

80 വയസ്സ് കഴിഞ്ഞവരുടെ വോട്ട് വീട്ടില്‍ പോയി രേഖപ്പെടുത്തിയതിലും ക്രമക്കേടുണ്ട്. ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ ക്യാരി ബാഗിലാണ് വോട്ടുകള്‍ കൊണ്ടുപോയത്. വയോധികര്‍ പലരും അവരുടെ വോട്ട് രേഖപ്പെടുത്തിയതു പോലും അറിഞ്ഞിട്ടില്ല. പലയിടത്തും ക്ഷേമപെന്‍ഷന്‍ നല്‍കി വോട്ട് ചെയ്യിച്ചുവെന്ന പരാതിയുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.