Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

തൃശൂര്‍പൂരം സുരക്ഷിതമായി നടത്താന്‍ വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

തൃശ്ശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിതമായി തൃശൂര്‍ പൂരം നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എഡിഎം റെജി പി ജോസഫ്, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ, ആര്‍ഡിഒ എന്‍ കെ കൃപ, ഡിഎംഒ ഡോ കെ ജെ റീന, വിവിധ ഡിപ്പാര്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പൂരം കോവിഡ് വ്യാപനവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകാതെ നടത്തുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ കലക്ടര്‍ നല്‍കി.

ശക്തമായ പൊലീസ് സുരക്ഷയിലായിരിക്കും പൂരം നടത്തുക. ആരോഗ്യവകുപ്പ് വിവിധയിടങ്ങളില്‍ പൊലീസുമായി സഹകരിച്ച് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കും. പൂരം കാണാന്‍ വരുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും ആറ് സെക്ടറുകളാക്കി തിരിച്ച് ഓരോ സെക്ടറിന്റെയും ചുമതല സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നല്‍കും. ഡെപ്യൂട്ടി കലക്ടര്‍മാരെയായിരിക്കും ഇത്തരത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയമിക്കുക. എ ഡി എമ്മിനായിരിക്കും ഇവരുടെ ചുമതല.

തഹസില്‍ദാര്‍, താലൂക്ക് ഉദ്യോഗസ്ഥര്‍, വില്ലേജ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനം പൂരം ദിവസങ്ങളില്‍ പ്രദേശത്ത് ഉറപ്പാക്കും. അഗ്‌നിശമന വിഭാഗത്തിന്റെ 7 ഫയര്‍ ടെണ്ടറുകള്‍ പ്രദേശത്ത് വിവിധയിടങ്ങളില്‍ നിലയുറപ്പിക്കും. ആക്ട്‌സിന്റെ 17 ആംബുലന്‍സുകളുയെും സഹകരണ വകുപ്പിന്റെ പത്ത് ആംബുലന്‍സുകളുടെയും ആരോഗ്യവകുപ്പിന്റെ മുഴുവന്‍ ആംബുലന്‍സുകളുടെയും സേവനം പ്രദേശത്ത് ഉറപ്പാക്കും. ജനങ്ങളെ സഹായിക്കാനും സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വിതരണം ചെയ്യാനും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാനും പൊലീസിനെ സഹായിക്കാനും 300 സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരെ സജ്ജമാക്കും. പൂരം നടക്കുന്ന മൂന്ന് ദിവസങ്ങളില്‍ കോവിഡ് പകരാതിരിക്കാന്‍ ജനങ്ങളെ സഹായിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കോവിഡ് മജിസ്‌ട്രേറ്റുമാരെയും നിയമിക്കും.

ആനകളുടെ പരിപാലനത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ആനകളെ മറ്റ് ജില്ലകളില്‍ നിന്ന് കൊണ്ടുവരുന്നതിന് മുന്‍പ് തന്നെ അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പുവരുത്തണം. ഇതിലൂടെ അവസാന നിമിഷം ആനകളെ  പിന്‍വലിക്കുന്നതിനാല്‍ ദേവസ്വങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകുമെന്ന് കലക്ടര്‍ അറിയിച്ചു. തൃശൂര്‍ റൗണ്ടിലെ 133 അപകടനിലയിലുള്ള കെട്ടിടങ്ങള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങളില്‍ പൂരം കാണാന്‍ ആളുകള്‍ കയറിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇവിടെ പൊലീസ് സുരക്ഷയും ഉറപ്പാക്കും. റൗണ്ടിലെ പെട്രോള്‍ പമ്പുകള്‍ പൂരം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കരുത്. അവിടുത്തെ സ്റ്റോക്ക് ഒഴിവാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു. ഹരിത പൂരം നടത്തുന്നതിന് ശുചിത്വമിഷനെ പ്രത്യേകം ചുമതലപ്പെടുത്തി.

പൂരം ദിവസങ്ങളിലേക്കായി ജില്ലാ ഭരണകൂടം നൂറോളം തെര്‍മ്മല്‍ സ്‌കാനറുകള്‍ നല്‍കും. ഇതുപയോഗിച്ച് ആരോഗ്യവിഭാഗവും കോര്‍പ്പറേഷനും പൂരം കാണാനെത്തുന്നവരെ പരിശോധിക്കണം. സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യാനുസരണം കരുതിവെക്കുന്നതിനും വിതരണം ചെയ്യുന്നതിനും ദേവസ്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് കലക്ടര്‍ കൊച്ചിന്‍ സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷ്ണറെ ചുമതലപ്പെടുത്തി.

നഗരത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍, അപകടം തീര്‍ക്കാവുന്ന കുഴികള്‍, സ്ലാബുകള്‍ എന്നിവ ഉടന്‍തന്നെ പുനസ്ഥാപിക്കാന്‍ പിഡബ്യൂഡിക്കും കോര്‍പ്പറേഷനും കലക്ടര്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി. സൂര്യാഘാതമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ഇത് പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ തീര്‍ക്കാനും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളം ഉറപ്പാക്കുമെന്നും കലക്ടര്‍ അറിയിച്ചു.