Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

കോവിഡ് രണ്ടാംതരംഗം: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നു, ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സക്കായി മാറ്റിയ 80 ഐ സി യു കിടക്കകളും നിറഞ്ഞു. കോവിഡ് വിഭാഗത്തിലെ 65 വെന്റിലേറ്ററിലും അതി ഗുരുതരാവസ്ഥയില്‍ രോഗികളുണ്ട്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഐ സി യു സജ്ജീകരിച്ചിട്ടില്ല. സ്വകാര്യ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കോട്ടയം, കോഴിക്കോട്, എറണാകുളം ഉള്‍പ്പടെയുളള ജില്ലകളിലും സമാനസ്ഥിതിയാണ്. കൂടുതല്‍ കിടക്കകള്‍ കണ്ടെത്തണമെങ്കില്‍ കോവിഡ് ഇതര ചികിത്സകള്‍ ഭാഗികമായോ പൂര്‍ണമായോ നിര്‍ത്തിവയ്‌ക്കേണ്ടി വരും. ശസ്ത്രക്രിയകള്‍ അടക്കം മാറ്റിവയ്‌ക്കേണ്ടിയും വരും.

പ്രതിദിന കോവിഡ് കേസുകള്‍ പതിനയ്യായിരത്തില്‍ എത്തുന്നത് മറികടക്കാനാണ് രണ്ട് ദിവസത്തില്‍ രണ്ടരലക്ഷം പരിശോധനകള്‍ നടത്താന്‍ ആരോഗ്യവിഭാഗം തീരുമാനിച്ചത്. എല്ലാ ജില്ലകളിലും കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ (സി.എഫ്.എല്‍.ടി.സി) ആരംഭിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം.

നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ 2714 ഐ സി യുകളില്‍ 1405 ലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 458 പേര്‍ കോവിഡ് ബാധിതരും 947 പേര്‍ ഇതരരോഗ ബാധിതരുമാണ്. 1423 വെന്റിലേറ്ററുകളില്‍ 162ല്‍ കോവിഡ് ബാധിതരെയും 215 ല്‍ ഇതര രോഗങ്ങളുളളവരെയും പ്രവേശിപ്പിച്ചിരിക്കുന്നു. 1046 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. സ്വകാര്യ ആശുപത്രികളിലെ 6213 ഐ.സി.യുകളില്‍ 286 എണ്ണത്തില്‍ മാത്രമേ കോവിഡ് ബാധിതരുളളൂ.

ഈ മേഖലയിലെ 1579 വെന്റിലേറ്ററുകളില്‍ 59 കോവിഡ് ബാധിതര്‍ ചികിത്സയിലുണ്ട്. ഒരു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തിലധികം രോഗികളില്‍ അഞ്ച് ശതമാനത്തിലേറെ പേര്‍ക്കും തീവ്രപരിചരണം ആവശ്യമായി വരുന്നുവെന്നാണ് കണക്ക്. സ്ഥിതി ഗുരുതരമാണെന്നും തീവ്രപരിചരണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്നും ആശുപത്രികള്‍ ഇതിനോടകം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിച്ച് കിടത്തി ചികിത്സ വേണ്ട 1400 പേരെയെങ്കിലും പ്രതിദിനം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നുണ്ട്. ഇതില്‍ നല്ലൊരു വിഭാഗത്തിനും ന്യുമോണിയയും ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഇതോടെയാണ് തീവ്രപരിചരണ വിഭാഗം ആവശ്യമായി വരുന്നത്.