Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

സെക്രട്ടേറിയറ്റിന് 150 വയസ്സ് പൂര്‍ത്തിയാകുന്നു

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മന്ദിരത്തിന് 150 വയസ്സ് പൂര്‍ത്തിയാകുന്നു. 1865 ഡിസംബര്‍ ഏഴിന് തിരുവിതാംകൂര്‍ ആയില്യം തിരുനാള്‍ മഹാരാജാവാണ് സെക്രട്ടേറിയറ്റിന്റെ ശിലാസ്ഥാപനം നടത്തിയത്. 1.70 ലക്ഷമാണ് നിര്‍മ്മാണച്ചെലവ് കണക്കാക്കിയതെങ്കിലും പണി പൂര്‍ത്തിയായപ്പോള്‍ ചെലവ് ഒന്‍പത് ലക്ഷമായിരുന്നു. നാലുവര്‍ഷം കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായത്. ചുണ്ണാമ്പ്, കക്ക, മണല്‍, തടി എന്നിവ ഉപയോഗിച്ച് ഗ്രീക്ക്, റോമന്‍, ഡച്ച് വാസ്തുശില്പ മാതൃകകള്‍ സമന്വയിപ്പിച്ചായിരുന്നു നിര്‍മ്മാണം നടത്തിയത്. 1869 ജൂലൈ എട്ടിനാണ് ആയില്യം തിരുനാള്‍ മഹാരാജാവ് മന്ദിരം ഉദ്ഘാടനം ചെയ്തത്. ഓഗസ്റ്റ് 23 ന് ഇവിടെ ഓഫിസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

അനന്തപുരിയുടെ തിലകക്കുറിയായ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ദര്‍ബാര്‍ ഹാളില്‍ ആദ്യമെത്തിയ വിശിഷ്ടാതിഥി വൈസ്രോയി ആയിരുന്ന കഴ്‌സണ്‍ പ്രഭുവാണ്. സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ ശേഷം 1900 ത്തിലാണ് അദ്ദേഹം എത്തിയത്. ആനയും അമ്പാരിയുമൊക്കെയായാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ദര്‍ബാര്‍ ഹാളിനു പിന്നില്‍ താത്കാലികമായി നിര്‍മിച്ച പന്തലിലായിരുന്നു അന്ന് അത്താഴവിരുന്ന്.
ഇത്തരത്തില്‍ കൗതുകകരമായ നിരവധി ചരിത്രകഥകള്‍ സെക്രട്ടേറിയറ്റ് മന്ദിരവുമായി ബന്ധപ്പെട്ടുണ്ട്.

സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടേറിയറ്റ് സൗത്ത് സാന്‍വിച്ച് ബ്ലോക്കിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ചരിത്രജാലകം എന്ന പേരില്‍ ചരിത്രവും അപൂര്‍വ ചിത്രങ്ങളും ഉള്‍പ്പെടുത്തി ഫോട്ടോപ്രദര്‍ശനം ആരംഭിച്ചു. നവംബര്‍ ഏഴു വരെ നടക്കുന്ന പ്രദര്‍ശനം കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അഞ്ചു മണിക്ക് ശേഷം സെക്രട്ടേറിയറ്റില്‍ പ്രവേശനം അനുവദിക്കും.

സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ചരിത്രം, പഴയ നിയമസഭാ മന്ദിരം, കേരളത്തിലെ മുഖ്യമന്ത്രിമാര്‍, ആദ്യത്തെ മന്ത്രിസഭയും അംഗങ്ങളും, കേരളത്തിലെ രാഷ്ട്രപതി ഭരണം തുടങ്ങിയ വിവരങ്ങള്‍ ചിത്രങ്ങളായും കുറിപ്പുകളായും പ്രദര്‍ശനത്തിലുണ്ട്. മുന്‍ മുഖ്യമന്ത്രിമാരുടെ സെക്രട്ടേറിയറ്റിലെ അപൂര്‍വ ചിത്രങ്ങളും ഉള്‍പ്പെടെ നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. എസ്. ബി. ടിയുടെ പഴയ കെട്ടിടത്തിന്റെ ചിത്രവും കേരളത്തിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ, പഴയ സെക്രട്ടേറിയറ്റ് മന്ദിരം, പഴയ നിയമസഭാ മന്ദിരം തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.

സെക്രട്ടേറിയറ്റ് മന്ദിരം സ്ഥാപിതമായത് സംബന്ധിച്ച ചരിത്രവും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ ഇതിന്റെ പണിയിലേര്‍പ്പെട്ടു. ആവിയന്ത്രം ഉപയോഗിച്ചുള്ള നിര്‍മാണരീതി കാണുന്നതിന് നഗരത്തില്‍ നിന്നും നാട്ടിന്‍പുറങ്ങളില്‍ നിന്നും ആളുകള്‍ എത്തിയതായാണ് രേഖകള്‍. പല പ്രഗത്ഭവ്യക്തികളും നിര്‍മാണം കാണാന്‍ സന്ദര്‍ശകരായി എത്തി. മദ്രാസ് ഗവര്‍ണര്‍ നേപ്പിയര്‍ പ്രഭുവും കൊച്ചി മഹാരാജാവുമെല്ലാം ഇതില്‍ ചിലരാണ്. വൃത്താകൃതിയിലുള്ള വലിയ തൂണുകളും വലിയ വരാന്തയും വാതായനങ്ങളും ഉള്ള തൂവെള്ള നിറമാര്‍ന്ന മന്ദിരം നഗരത്തിന് കൗതുകകാഴ്ച്ചയായി മാറി. 70 അടി നീളവും 40 അടി വീതിയും 38 അടി പൊക്കവുമുള്ള ദര്‍ബാര്‍ ഹാളും, ചതുര്‍മുഖമുള്ള മണിമേടയും മന്ദിരത്തിന്റെ മോടി കൂട്ടി.

സെക്രട്ടേറിയറ്റ് സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന ഹജൂര്‍ കച്ചേരിയെക്കുറിച്ചും പ്രദര്‍ശനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സ്വാതിതിരുനാളിന്റെ കാലത്താണ് ഹുജൂര്‍ കച്ചേരി കൊല്ലത്തു നിന്ന് തിരുവനന്തപുരം കോട്ടയ്ക്കകത്ത് തെക്കേ തെരുവില്‍ ഇപ്പോള്‍ ട്രഷറി പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്ക് മാറ്റിയത്. എന്നാല്‍ ക്ഷേത്രപരിസരത്ത് ചില വിഭാഗങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നതിനാല്‍ ഇവര്‍ക്ക് ഹജൂര്‍ കച്ചേരിയില്‍ എത്താനാവാത്തത് മദ്രാസ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് കച്ചേരി പൊതുസ്ഥലത്ത് തുടങ്ങണമെന്ന് മദ്രാസ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതോടെ ഇപ്പോഴത്തെ പങ്കജ് ഹോട്ടലിന് എതിര്‍വശത്തായി ചെറിയൊരു കച്ചേരി പണിഞ്ഞു. ഇതിനെ ആനക്കച്ചേരി എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. തിരുവിതാംകൂറിന്റെ ചിഹ്നമായ വലിയ ശംഖും അതിന് ഇരുവശത്തായി വലിയരണ്ട് ആനകളും ഉള്ള ചിത്രം ചുമരിലുണ്ടായിരുന്നതിനാലാണ് അങ്ങനെ വിളിച്ചിരുന്നത്. ഇപ്പോഴത്തെ എസ്.ബി.ഐ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു അത്. അന്ന് ഈ ഭാഗം ‘പുത്തന്‍ ചന്ത ‘ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും പ്രദര്‍ശനത്തില്‍ കാണാം.