Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

എന്തുകൊണ്ട് പാലാ മാത്രം: നെഞ്ചിടിപ്പോടെ മുന്നണികള്‍

മാണിസാര്‍ ജീവിച്ചിരുന്നപ്പോള്‍ പാലാക്കാര്‍ക്ക് തെരഞ്ഞെടുപ്പെന്നാല്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിയിരുന്നില്ല. പാലായുടെ ജനമനസ്സ് എന്നും കെ.എം.മാണിക്കൊപ്പമായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി. മാണിയുടെ വിയോഗത്തോടെ ഒഴിവുവന്ന സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത് മാണിയുടെ മകനായാലും മരുമകളായാലും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല ഇത്തവണ പാലായില്‍. കേരളാ കോണ്‍ഗ്രസുകളില്‍ ആധിപത്യത്തിനു വേണ്ടിയുള്ള മത്സരം ഒരു വശത്ത് മുറുകുന്നതിനിടെയാണ് പൊടുന്നനെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത് പോരടിച്ചു നിന്ന കേരളാ കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കി.

സ്ഥാനാര്‍ത്ഥി സമവായത്തിലൂടെ എന്ന് ജോസ് കെ.മാണി ആണയിടുമ്പോഴും മനസ്സിലുള്ള സ്ഥാനാര്‍ത്ഥിയുടെ ചിത്രം സ്വന്തം ഭാര്യയുടേതാണെന്ന് അണികള്‍ക്കറിയാം. അസന്തുഷ്ടി പുറമേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും അണികളില്‍ രോഷം പടരുകയാണെന്ന് യു ഡി എഫ് നേതൃത്യവും മണത്തറിയുന്നു. മുന്നണിയുടെ സിറ്റിങ്ങ് സീറ്റ് അതും കെ എം മാണിയുടെ സ്വന്തം തട്ടകം തമ്മിലടി മൂലം നഷ്ടമാകുന്നത് സഹിക്കാനാവില്ല യു ഡി എഫിന് പി ജെ ജോസഫുമായി ഒരു അനുരഞ്ജനത്തിന് ജോസ് കെ. മാണി തയാറാവുമെന്ന് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം അറിയുന്നവര്‍ ആരും കരുതുന്നില്ല. ഈ രാഷട്രീയ പശ്ചാത്തലത്തില്‍ മുതലെടുപ്പിന് സാധ്യതയുള്ള ഇടതുമുന്നണിയും സി പി എം പാര്‍ട്ടിയും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ വേവലാതിപ്പെടുന്നത് എന്തിന് എന്നത് ശ്രദ്ധേയമാണ്. മഞ്ചേശ്വരത്തെ ഒഴിവാക്കി എം എല്‍ എ മരണമടഞ്ഞ പാലായില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം തന്നെ തെളിവ്.

മഞ്ചേശ്വരത്തെ എം എല്‍ എയായിരുന്ന പി ബി അബ്ദുള്‍ റസാഖ് ആണ് ആദ്യം മരിച്ചതെങ്കിലും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് അവസാനിച്ചത് അടുത്ത കാലത്താണെന്നത് കോടിയേരിക്ക് അറിയാഞ്ഞിട്ടല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ പാലായില്‍ മാണിയുടെ ഭൂരിപക്ഷം നന്നെ കുറഞ്ഞു വരികയായിരുന്നുവെന്നും അറിയാത്തയാളല്ല കോടിയേരി. ഇത്രയൊക്കെയായിട്ടും മാണി സി.കാപ്പനെത്തന്നെ പാലായില്‍ പരീക്ഷിക്കുന്നതിലെ പാപ്പരത്തവും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നെ കോടിയേരി ആരോപിക്കുന്ന ദുരൂഹതയ്ക്ക് അടിസ്ഥാനമെന്താണ്. സര്‍വ്വ സ്വീകാര്യനായ ഒരു സ്വതന്ത്രന് പാലായില്‍ അദ്ഭുതങ്ങള്‍ കാട്ടാനാകുമെന്ന് ഉറപ്പാണ്. മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതും ഈ യാഥാര്‍ത്ഥ്യം തന്നെ.