Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കൊടുമണ്‍ പഞ്ചായത്ത് കേരളത്തിലെ ആദ്യ സമ്പൂര്‍ണ പച്ചത്തുരുത്ത്

കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്തായി കൊടുമണ്‍ പഞ്ചായത്ത് മാറി. എല്ലാ വാര്‍ഡുകളിലും അതിജീവനത്തിനായി ചെറുവനങ്ങള്‍ സൃഷ്ടിച്ചാണ് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ പച്ചത്തുരുത്ത് പഞ്ചായത്തായി മാറിയത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാനും അവയെ തുലനപ്പെടുത്താനും വനങ്ങള്‍ ആവശ്യമാണ്. ഈ പ്രശ്‌നത്തെ നേരിടാനുള്ള ഒരു പ്രതിരോധ മാതൃകയായാണ് ജൈവ വൈവിധ്യത്തിന്റെ പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

നിലവിലുള്ള കാര്‍ഷിക ഭൂമിയുടെയോ വനഭൂമിയുടെയോ ഘടനയ്ക്ക് മാറ്റം വരുത്താതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പൊതുസ്വകാര്യ സ്ഥലങ്ങളില്‍ പ്രദേശത്തിന്റെ സവിശേഷതകള്‍ക്ക് ഇണങ്ങുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി ചെറുവനങ്ങളായി രൂപപ്പെടുത്തുക എന്ന ഹരിതകേരളം മിഷന്റെ നവീന ആശയമാണ് പച്ചത്തുരുത്ത്.

ആര്യവേപ്പ്, അഗസ്ത്യച്ചീര, കണിക്കൊന്ന, ഉങ്ങ്, ഞാവല്‍, നെല്ലി, നീര്‍മരുത്, ദന്തപ്പാല, മാതളനാരകം തുടങ്ങി അനേകം വൃക്ഷത്തൈകള്‍കൊണ്ടാണ് ഈ ചെറുവനങ്ങളുടെ നിര്‍മ്മാണം. 18 വാര്‍ഡുകളിലായി 26 പച്ചത്തുരുത്തുകളാണ് കൊടുമണ്ണില്‍ നിര്‍മ്മിച്ചത്. അതിജീവനത്തിന്റെ ചെറു തുരുത്തുകളായ 51 പച്ചത്തുരുത്തുകള്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി പൂര്‍ത്തിയായിട്ടുണ്ട്.

മന്ത്രി എം എം മണി കൊടുമണ്‍ പഞ്ചായത്തിനെ സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്തായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മനുഷ്യന്‍ ദിവസവും പ്രകൃതിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണെന്നും ലോകത്തുനിന്ന് പച്ചപ്പ് മാഞ്ഞുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മരങ്ങളും ചെടികളും വച്ച് ഹരിതമാക്കേണ്ട ചുമതല സമൂഹത്തിലെ ഓരോരുത്തര്‍ക്കുമുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമാണ്. അതിനുള്ള പ്രവര്‍ത്തനത്തിന്റെ തുടക്കമാണ് ഇതിലൂടെ ആരംഭിക്കുന്നതെന്നും പ്രകൃതി മനുഷ്യന് നല്‍കുന്ന പ്രതിഫലനമാണ് പ്രകൃതിക്ഷോഭങ്ങളും പ്രളയങ്ങളെന്നും മന്ത്രി പറഞ്ഞു.