Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

കേരളം വീണ്ടും ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം വീണ്ടും ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതി. ഈ സന്തോഷമാണ് പങ്കുവെക്കാനുള്ളത്. പക്ഷെ ഇത്തരമൊരു വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്ന് കൊവിഡ് കണക്കുകള്‍ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമയം അനുയോജ്യമല്ലാത്തതിനാല്‍ വലിയ തോതില്‍ ആഘോഷത്തിന് തയ്യാറെടുത്തവരടക്കം ആഘോഷ കാര്യത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ്. അതിന് കാരണം കൊവിഡ് വ്യാപനമാണ്.

സമൂഹമെന്ന നിലയില്‍ നമ്മള്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ എല്ലാവരും പൊതുവെ അംഗീകരിക്കുകയും നടപ്പാക്കുകയും വേണം. അല്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നമ്മളെ കാത്തിരിക്കും.നാളെ സമ്പൂര്‍ണ നിയന്ത്രണം ഇല്ല. എന്നാല്‍, സ്വയം നിയന്ത്രണങ്ങളില്‍ ഒരു കുറവും വരുത്താന്‍ പാടില്ല. എവിടെയും ജനക്കൂട്ടം കൂടിനില്‍ക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളോട് യാന്ത്രികമായല്ല പ്രതികരിക്കേണ്ടത്. ഇത് സ്വന്തം ആവശ്യമാണെന്ന് കണ്ട് ഓരോരുത്തരും നിയന്ത്രണത്തിന്റെ ഭാഗമാകണം. ഇന്നത്തെ ദിവസം വലിയ ആഘോഷങ്ങള്‍ നാടാകെ നടക്കേണ്ട ദിവസമാണ്. എന്നാല്‍ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി അത്തരം ആഘോഷം ഒഴിവാക്കാന്‍ കേരള ജനത തയ്യാറായത് അഭിമാനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.