Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

വാക്‌സിന്‍ നല്‍കേണ്ടത് കേന്ദ്രം -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ കോവിഡ് വാക്‌സിന്‍ നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും പിണറായി പറഞ്ഞു. 18 മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും കേരളത്തിന് ലഭിച്ച വാക്‌സിന്‍ മുഴുവന്‍ നല്ല രീതിയില്‍ ഉപയോഗിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങുന്ന കാര്യത്തെക്കുറിച്ചുള്ള മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മനുഷ്യന്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയാണോ വേണ്ടത്. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. അത് തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചത് 7338860 ഡോസ് വാക്‌സിന്‍ ആണ്. നല്ല രീതിയില്‍ ആ വാക്‌സിന്‍ മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്‌സിന്‍ വയലിനകത്തും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് പോലും നമ്മള്‍ പാഴാക്കിയില്ല. അത്രയ്ക്ക് ശ്രദ്ധിച്ച് ഉപയോഗിച്ചതു കൊണ്ട് 7424166 ഡോസ് വാക്‌സിന്‍ നല്‍കാനായി. കേന്ദ്രസര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ ഇതിനോടകം ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെ വാക്‌സിന്‍ വിതരണം ചെയ്യാനായത് ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് നഴ്‌സുമാരുടെ മിടുക്ക് കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നു.

45 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാവണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാനാവും വിധം വാക്‌സിന്‍ വിതരണം ഉറപ്പാക്കണം. സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും ദൗര്‍ലഭ്യം പരിഹരിക്കണം എന്നുമാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രത്തെ ബന്ധപ്പെട്ടു. എല്ലാ വാക്‌സിനും നല്‍കേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണ്. അത് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. 18 മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം.

കേന്ദ്രമാണ് വാക്‌സിന്‍ നല്‍കേണ്ടത്. അവരുടെ നയമനുസരിച്ച് 18 ന് മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വിതരണം. സര്‍ക്കാര്‍ വിചാരിച്ചാല്‍ വാക്‌സിന്‍ കിട്ടില്ല. അത് ലഭ്യമാകുന്ന മുറയ്ക്ക് 18 ന് മുകളിലുള്ളവര്‍ക്ക് പ്രത്യേക ക്രമീകരണത്തിലൂടെ വാക്‌സിന്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.