Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ഞാവല്‍: തണല്‍മരത്തിനും ഔഷധത്തിനും

കേരളത്തിലെ പൊതുനിരത്തുകളില്‍ പലയിടത്തും ആരാലും ശ്രദ്ധിക്കപ്പെടാതെ നില്‍ക്കുന്ന മരമാണ് ഞാവല്‍. ഏപ്രില്‍ മാസമാവുമ്പോഴേക്കും നിറയെ കായ്കള്‍ പഴുത്ത് പൊഴിഞ്ഞ് റോഡില്‍ കിടക്കുന്നുണ്ടാകും. ഇങ്ങനെ പാഴായിപ്പോവുന്ന ഞാവല്‍ പഴങ്ങള്‍ നമ്മള്‍ വാങ്ങാന്‍ ചെന്നാല്‍ വില കേട്ടാല്‍ ഞെട്ടും. കിലോയ്ക്ക് 500 മുതല്‍ 600 രൂപ വരെ കൊടുക്കേണ്ടിയും വരും.

ജംബൂഫലമെന്ന് പുരാതന ഭാരതത്തില്‍ അറിയപ്പെട്ടിരുന്ന ഞാവല്‍ അത്യാവശ്യം വെള്ളം ലഭിക്കുന്ന എല്ലാ സ്ഥലങ്ങളിലും വളരുന്ന ഒരു നിത്യഹരിതവൃക്ഷമാണ്. 20-30 മീറ്ററോളം പൊക്കം വെക്കും. വേരുപിടിച്ചു കഴിഞ്ഞാല്‍ പിന്നീട് അധികം പരിചരണം ആവശ്യമില്ലാത്തതിനാല്‍ തണല്‍ മരമായും ഞാവല്‍ നട്ടുപിടിപ്പിക്കാറുണ്ട്. മറ്റ് തണല്‍മരങ്ങളെ അപേക്ഷിച്ച് നല്ല ദീര്‍ഘായുസ്സുള്ള മരമാണ് ഞാവല്‍. 100-120 വര്‍ഷം വരെയാണ് അതിന്റെ ആയുസ്സ്. ഓരോവര്‍ഷം കഴിയുന്തോറും ഞാവലിന്റെ തൊലിക്ക് കട്ടി കൂടിക്കൂടി വരും.

നന്നായി മൂത്തുവിളഞ്ഞ കായകള്‍ പാകി മുളപ്പിച്ചും കമ്പു നട്ട് വേരു പിടിപ്പിച്ചും തൈകള്‍ തയ്യാറാക്കാം. കേരളത്തില്‍ എല്ലായിടത്തും ഞാവല്‍ നന്നായി കായ്ക്കുകയും ചെയ്യും. നന്നായി മൂത്ത കായകളില്‍ ഓരോന്നിലും ആറ് വിത്തുകള്‍ വരെ കാണും. അവ ശേഖരിച്ച് പോളിത്തീന്‍ കവറുകളില്‍ നട്ട് മുളപ്പിച്ചെടുക്കാം. കായില്‍ നിന്നുള്ള വിത്തിന്റെ മുളയ്ക്കാനുള്ള കഴിവ് രണ്ടാഴ്ച കൊണ്ട് നഷ്ടപ്പെടും എന്നതിനാല്‍ പെട്ടെന്നു തന്നെ ഇവ പാകി മുളപ്പിയ്ക്കുന്നതാണ് നല്ലത്.

മുളച്ചുപൊന്തിയ തൈകള്‍ മൂന്നുനാലു മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ളതും വെയില്‍ കിട്ടുന്നതുമായ സ്ഥലത്ത് മാറ്റി നടണം. ചെടിയുടെ ആദ്യകാലത്ത് വളര്‍ത്തിയെടുക്കാന്‍ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളില്‍ നടുമ്പോള്‍ 10-15 മീറ്റര്‍ അകലം പാലിക്കണം. സ്വയം പ്രതിരോധശേഷിയുള്ള വൃക്ഷമാണ് ഞാവല്‍. കാറ്റിനെ പ്രതിരോധിക്കുന്ന ഞാവല്‍, പോഷകസമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുതുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാ ബാധിച്ചാല്‍ത്തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. നീരൂറ്റിക്കുടിക്കുന്ന ചിലപ്രാണികള്‍ ഇലയും ഇളം തണ്ടും തിന്നുതീര്‍ക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട.് രണ്ടുവര്‍ഷം കൊണ്ടു തന്നെ 46 മീറ്റര്‍ ഉയരം വെക്കുന്ന ഇത് നാലുവര്‍ഷം കൊണ്ട് പുഷ്പിക്കും. മരം മുറിച്ചു മാറ്റിയാല്‍ പിന്നെയും നല്ല വളര്‍ച്ച കാണിക്കും.

ആയുര്‍വേദത്തില്‍ ഞാവലിന് ശീതവീര്യമാണ് ഉള്ളതെന്ന് പറയുന്നു. പ്രമേഹത്തിനും രക്താദിസമ്മര്‍ദത്തിനും കൊളസ്‌ട്രോളിനും മികച്ച ഒരു ഔഷധം കൂടിയാണ് ഞാവല്‍പഴം. ചെറിയ ചവര്‍പ്പു കലര്‍ മധുരം നിറഞ്ഞ പഴങ്ങള്‍ക്ക് ഔഷധഗുണം രൂക്ഷമാണ്. അജം, കൊഴുപ്പ്, പ്രോട്ടീന്‍, തയാമിന്‍, റൈബോ ഫല്‍വിന്‍, നയാസിന്‍, പാന്റോത്തൈനിക് അമ്ലം, വിറ്റാമിന്‍ ബി-6, സി, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എിവ സമ്പുഷ്ടമായ തോതില്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഞാവലിന്റെ കായ്ക്കു പുറമെ ഇല, കമ്പ് എന്നിവയും ഇന്ത്യയിലും ചൈനയിലുമെല്ലാം നാട്ടുവൈദ്യത്തില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു.