Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

മരട് സ്‌ഫോടനത്തില്‍ ഭൂമിയില്‍ നിലംപതിക്കുക 15,000 ടണ്ണിലേറെ ഭാരമെന്ന് വിദഗ്ദ്ധര്‍

മരടിലെ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ 15000 ടണ്ണിലേറെ വരുന്ന ഭാരത്തിന്റെ പ്രകമ്പനം ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളുടെ ആശങ്കയിലാണ് ഇപ്പോള്‍ വിദഗ്ദ്ധര്‍. കെട്ടിടം നില്‍ക്കുന്നത് ഉറപ്പില്ലാത്ത മണ്ണിലാണെന്നതും ആഘാതത്തിന്റെ ശക്തി കൂട്ടും. പ്രധാനമായും ഇതുമൂലം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഇവയാണ്. 15000 ടണ്ണിലേറെ ഭാരം ഒറ്റയടിക്ക് അമരുമ്പോള്‍ അടുത്തുള്ള ജലാശയത്തിലെ മണ്ണ് ഉയരാന്‍ സാധ്യതയുണ്ട്. മണ്ണ് ഉയര്‍ന്നാല്‍ അത് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും. ഫ്‌ളാറ്റിന്റെ സമീപപ്രദേശങ്ങളിലെ മണ്ണ് ഉയരുകയാണെങ്കില്‍ സമീപത്തുള്ള കെട്ടിടങ്ങള്‍ തകരുകയോ കെട്ടിടത്തിന് വിള്ളല്‍ വീഴുകയോ ചെയ്യാം. കൂടാതെ ഫ്‌ളാറ്റിന് തൊട്ടടുത്തുള്ള പാലങ്ങള്‍ക്ക് ബലക്ഷയം സംഭവിക്കാന്‍ സാധ്യതയുണ്ട്. അന്തരീക്ഷം മുഴുവന്‍ ഉയര്‍ന്നേക്കാവുന്ന പൊടിപടലങ്ങളാണ് മറ്റൊരു പ്രശ്‌നം.

എന്നാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ചുമതലയേറ്റെടുത്ത ജെറ്റ് ഡിമോളിഷന്‍ എന്ന ദക്ഷിണാഫ്രിക്കന്‍ കമ്പനി പ്രതിനിധികള്‍ പറയുന്നത് വിവിധ നിലകള്‍ തകര്‍ക്കാന്‍ മില്ലി സെക്കന്റുകളുടെ വ്യത്യാസം മാത്രം മതി എന്നാണ്. അതിനാല്‍ ഒരുമിച്ച് ഇത്രയും ഭാരം താഴേക്ക് വരില്ലെന്ന് അവര്‍ പറയുന്നു.

മാത്രമല്ല, പ്രകമ്പനം താങ്ങാന്‍ കെട്ടിടത്തിനു ചുറ്റും ഒന്നര മീറ്റര്‍ കിടങ്ങ് കുഴിക്കുകയും ചെയ്യും. പരിസരത്തെ കെട്ടിടങ്ങള്‍ക്ക് ഉണ്ടാകാവുന്ന തകര്‍ച്ച നേരിടാന്‍ 100 കോടിയുടെ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ട്. അന്തരീക്ഷത്തിലുയരുന്ന പൊടിപടലം നേരിടാന്‍ വെള്ളം പമ്പ് ചെയ്യുമെന്നും കമ്പനി അധികൃതര്‍ പറയുന്നു.