Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ശബരിമല: വെര്‍ച്വല്‍ ക്യൂ സംവിധാനത്തോട് മുഖം തിരിച്ച്‌ തീര്‍ത്ഥാടകര്‍

മണ്ഡലകാലമെത്തിയിട്ടും ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനത്തോട് താത്പര്യം കാട്ടാതെ തീര്‍ത്ഥാടകര്‍. മുന്‍വര്‍ഷങ്ങളില്‍ സീസണ്‍ തുടങ്ങും മുമ്പ് തന്നെ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ മണ്ഡലകാലം തുടങ്ങുന്ന നവംബര്‍ 17 മുതല്‍ എല്ലാ ദിവസവും ആയിരക്കണക്കിന് സ്ലോട്ടുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബുക്കിങ്ങിനുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. എന്നാല്‍ ബുക്ക് ചെയ്യുന്ന ഓരോ തീര്‍ത്ഥാടകരുടെയും പൂര്‍ണവിവരങ്ങളും തിരിച്ചറിയല്‍ നമ്പറും നല്‍കാതെ ബുക്കിങ് നടത്താനാവില്ല.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഈ തീര്‍ത്ഥാടനകാലത്തെ സ്ഥിതിഗതികള്‍ എന്തായിരിക്കുമെന്ന ആശങ്കയാണ് ക്യൂ സംവിധാനത്തോടുള്ള തീര്‍ത്ഥാടകരുടെ വിമുഖതയ്ക്ക് കാരണമെന്ന് കരുതുന്നു. ഒപ്പം വെര്‍ച്വല്‍ ക്യൂവിനൊപ്പം പുതുതായി ആരംഭിച്ച വഴിപാട് ബുക്കിങ്ങിലെ പോരായ്മയും വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറയാന്‍ കാരണമായിട്ടുണ്ട്. ഈ മണ്ഡലകാലം മുതല്‍ ക്യൂ ബുക്കിങ്ങിനൊപ്പം വഴിപാട് പ്രസാദത്തിന് ബുക്ക് ചെയ്ത് പണം അടയ്ക്കാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

അപ്പം, അരവണ, നെയ്യഭിഷേകം, വിഭൂതി, മഞ്ഞള്‍പ്രസാദം, കുങ്കുമപ്രസാദം എന്നിവ ഇത്തരത്തില്‍ ബുക്ക് ചെയ്യാം. ഒരാള്‍ക്ക് രണ്ട് ടിന്‍ അരവണയും ഒരു അപ്പം പാക്കറ്റും മാത്രമേ ലഭിക്കൂ. തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന അപ്പം, അരവണ എന്നിവയുടെ ഈ നിയന്ത്രണം ഓണ്‍ലൈന്‍ ബുക്കിങ്ങിനെ അനാകര്‍ഷകമാക്കുന്നുണ്ട്. വഴിപാട് ബുക്ക് ചെയ്യുന്നവര്‍ ഇന്റര്‍നെറ്റ് ഫീ എന്ന പേരില്‍ പത്ത് രൂപ അധികമായി അടയ്ക്കുകയും വേണം.

മുന്‍വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചിരുന്നൊരു സംവിധാനമാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം. പതിനെട്ടാംപടി വരെയും തിരക്കില്ലാതെ കടന്നുചെല്ലാമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. എന്നാല്‍ കഴിഞ്ഞ വര്‍ഷം യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളോടെ എല്ലാം തകിടം മറിയുകയാണ് ഉണ്ടായത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന്: www.sabarimalaonline.or എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 7025800100