Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

മരുന്നാണ് കഞ്ചാവ്; ലഹരി മാത്രമല്ല

അളവനുസരിച്ച് കഴിച്ചാല്‍ വിഷവും മരുന്നാണെന്നാണ് പഴമൊഴി. കഞ്ചാവിന്റെ കാര്യത്തിലും ഇത് സത്യമാണ്. ലഹരിക്ക് മാത്രമുള്ള ചെടിയാണെന്ന് കരുതി കഞ്ചാവിനെ മാറ്റിനിര്‍ത്താന്‍ വരട്ടെ. കാന്‍സര്‍, അല്‍ഷിമേഴ്‌സ്, നാഡീ രോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയ്ക്ക് കഞ്ചാവ് ഫലപ്രദമാണെന്ന് സസ്യശാസ്ത്ര ഗവേഷകര്‍ പറയുന്നു. കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ് എന്ന രാസവസ്തുവാണ് ഇതിന് കാരണം.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി സമ്മേളേനത്തിലാണ് ദേശീയ സസ്യശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ഡോ. സരോജ്കാന്ത് ബാരിക്കും ഡോ. സുധീര്‍ ശുക്ലയും ഇതേക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചത്. എന്‍.ബി.ആര്‍.ഐ. (നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്)യിലെ ശാസ്ത്രജ്ഞരാണ് ഇരുവരും. കഞ്ചാവുചെടിയില്‍നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ സൗന്ദര്യവര്‍ധക ഉത്പന്ന വ്യവസായത്തിന് ഏറെ സഹായകമാണെന്നും ഇവര്‍ പറഞ്ഞു.

പല പുരാതന ആയുര്‍വ്വേദ ഗ്രന്ഥങ്ങളിലും കഞ്ചാവ് മാനസികാസ്വാസ്ഥ്യങ്ങള്‍ക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. പുരാതന ഭാരതത്തില്‍ ഈ ചെടി പല താന്ത്രിക മാന്ത്രിക ചടങ്ങുകളില്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഇതില്‍ നിന്ന് ലഭിക്കുന്ന ലഹരിക്ക് ഒരു ദൈവിക മാനം കൂടിയുണ്ടായിരുന്നുവെന്നും പറയുന്നു. സോമ എന്ന ലഹരിപാനീയം ഉണ്ടാക്കുന്നതില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും കരുതുന്നു. പുരാതന ചൈനയിലും ഈജിപ്റ്റിലും ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്.

ഇന്നത്തെ ആധുനിക വൈദ്യശാസ്ത്രത്തിലും കഞ്ചാവ് മരുന്നു തന്നെയാണ്. കഞ്ചാവില്‍ നിന്ന് നിര്‍മ്മിക്കപ്പെടുന്ന രണ്ട് ഔഷധങ്ങള്‍ ഇന്ന് അമേരിക്കയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. കഞ്ചാവില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ടെട്രാ ഹൈഡ്രോ കനാബിനോള്‍ ഉള്ള ഡ്രോണാബിനോള്‍ ഗുളിക 1985 മുതല്‍ അമേരിക്കന്‍ വിപണിയില്‍ ലഭ്യമാണ്. കീമോതെറാപ്പിയോട് അനുബന്ധിച്ചിട്ടുണ്ടാകുന്ന ഓക്കാനവും ഛര്‍ദിക്കുമുള്ള മരുന്നായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. എയ്ഡ്‌സ് രോഗികളിലെ വിശപ്പില്ലായ്മയും ഭാരക്കുറവിനും ഈ മരുന്ന് നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. നാബിലോണ്‍ എന്ന മരുന്നിലാകട്ടെ, ടെട്രാ ഹൈഡ്രോ കനാബിനോളുമായി സാമ്യതയുള്ള കൃത്രിമമായി നിര്‍മ്മിക്കുന്ന ഒരു കനാബിനോയ്ഡ് ആണ് ഉപയോഗിക്കുന്നത്. ഇതും കീമോതെറാപ്പിയുമായി ബന്ധപ്പെട്ട ഓക്കാനത്തിനും ഛര്‍ദ്ദിക്കുമാണ് നിര്‍ദ്ദേശിക്കുന്നത്

കാനഡയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ടെട്രാ ഹൈഡ്രോ കനാബിനോളും കനാബിഡയോളും അടങ്ങിയ മൗത്ത് സ്‌പ്രേ കാന്‍സര്‍ സംബന്ധിയായ വേദനകള്‍ക്കായിട്ടും, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് മൂലമുള്ള പേശീവലിവിനും വേദനകള്‍ക്കും നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. മൈഗ്രേന്‍, മള്‍ടിപ്പിള്‍ സ്‌ക്‌ളീറോസിസ്, ആസ്ത്മ, പക്ഷാഘാതം, പാര്‍കിന്‍സണ്‍സ് അസുഖം, അല്‍ഹൈറ്റ്‌മേഴ്‌സ് അസുഖം, അമിത മദ്യപാനം, ഉറക്കമില്ലായ്മ, ഗ്ലോക്കോമ, ഒബ്‌സസീസ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് കഞ്ചാവ് ഫലപ്രദമായ മരുന്നാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കഞ്ചാവിന്റെ നിര്‍മ്മാണത്തിലും വിതരണത്തിലുമുള്ള നിയമപരമായ വിലക്കുകളും നിയന്ത്രണങ്ങളും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഔഷധമെന്ന നിലക്കുള്ള കഞ്ചാവിന്റെ ശാസ്ത്രീയ പഠനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.