Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

അസംസ്‌കൃത വസ്തുക്കള്‍ക്ക് തീവില: മരുന്ന് നിര്‍മ്മാണമേഖലയില്‍ കടുത്ത പ്രതിസന്ധി

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ മരുന്ന് നിര്‍മ്മാണമേഖലയിലും കടുത്ത പ്രതിസന്ധി. കോവിഡ് രോഗികള്‍ക്കടക്കം ഉപയോഗിക്കുന്ന മരുന്നുകളുടെ അസംസ്‌കൃത വസ്തുക്കള്‍ക്ക് തീവിലയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 40% മുതല്‍ 200 ശതമാനം വരെയാണ് വില കൂടിയത്. ചൈനയില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിലെ നിയന്ത്രണമാണ് പ്രശ്‌ന കാരണം.

നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉള്ളതിനാല്‍ പൊതുവിപണിയെ വില കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ പ്രതിസന്ധി തുടരുന്ന പക്ഷം ഉത്പാദനം നിര്‍ത്താന്‍ ഫാര്‍മ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇതിനിടെ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്കും മാര്‍ക്കറ്റില്‍ തീവിലയാണ് ഈടാക്കുന്നത്. 35000 മുതല്‍ 1ലക്ഷം വരെയാണ് നിലവിലെ നിരക്ക്.

ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ മാര്‍ച്ച് 21ന് 18000 രൂപ വിലയുണ്ടായിരുന്ന ഐവര്‍മെക്റ്റിന്‍ ടാബ്ലറ്റിന് ഒരു മാസം പിന്നിടുമ്പോള്‍ വില 54000 രൂപ. ഏതാണ്ട് 200 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 81000 രൂപ മാത്രം വിലയുള്ള മെറോപെനം ഇന്‍ജക്ഷന്‍ 140000 രൂപയിലേക്കെത്തി.

550 രൂപയുടെ പാരസെറ്റാമോള്‍ പാക്കറ്റ് 800 രൂപയും, 7500 രൂപയുണ്ടായിരുന്ന ഡോക്‌സിസൈക്ലിന്‍ 12000 രൂപയുമായി. അതായത് കഴിഞ്ഞ ഒരുമാസത്തിനിടെ ഓരോ വിഭാഗത്തില്‍പ്പെട്ട മരുന്നുകളുടെ അസംസ്‌കൃത വസ്തുക്കള്‍ക്കും 40 മുതല്‍ 200 ശതമാനം വരെ വില കൂടിയെന്ന് ചുരുക്കം.