Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കേരളത്തിനുള്ള ഓക്‌സിജന്‍ വിഹിതം വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളത്തിനുള്ള ഓക്‌സിജന്‍ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 223 മെട്രിക് ടണ്ണില്‍ നിന്നും 358 മെട്രിക് ടണ്ണായാണ് വര്‍ധിപ്പിച്ചത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്‍ വിഹിതം ഉയര്‍ത്തിയത്.

ഇത് സംബന്ധിച്ച് ഉത്തരവ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പ്രധാനമായും ബെല്ലാരി, കഞ്ചിക്കോട്, ജംഷേഠ്പുര്‍, റൂര്‍ക്കേല തുടങ്ങിയ പ്ലാന്റുകളില്‍ നിന്നായിരിക്കും അധിക ഓക്‌സിജന്‍ ലഭിക്കുക. ഓക്‌സിജന്‍ വിഹിതം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തവായെങ്കിലും ഇവ സംസ്ഥാനത്ത് എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഇനി വേണ്ടത്. ടാങ്കറുകള്‍ പലപ്പോഴും കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്‍ വിഹിതം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിനുള്ള പ്രതിദിന ഓക്‌സിജന്‍ വിഹിതം 135 മെട്രിക് ടണ്‍ കൂടി വര്‍ധിപ്പിച്ചത്. നേരത്തെ 223 മെട്രിക് ടണ്ണായിരുന്നു ഇത്.

അതേസമയം കേരളത്തില്‍ മെയ് 14, 15 തീയതികളില്‍ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിദിന ഓക്‌സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിദിനം 212.34 ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. ഓക്‌സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പ്രതിദിന ആവശ്യം 423.6 ടണ്‍ വരെ ഉയരാമെന്നാണ് ശാസ്ത്രീയ അനുമാനം. കേരളത്തിലെ ആശുപത്രികളില്‍ ഇപ്പോഴുള്ള ഓക്‌സിജന്‍ സ്റ്റോക്ക് 24 മണിക്കൂര്‍ നേരത്തേക്കുപോലും തികയില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.