Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

അറബിക്കടലില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകള്‍ കേരളത്തിന് ഭീഷണിയാകുന്നെന്ന് പഠന റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകള്‍ കേരളത്തിന് ഭീഷണിയാകുന്നെന്ന് പഠന റിപ്പോര്‍ട്ടുകള്‍. വരും കാലങ്ങള്‍ കേരളം ചുഴലിക്കാറ്റ് ഭീഷണിയില്‍നിന്ന് മുക്തമാകില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനവും അറബിക്കടലിന്റെ ഉപരിതലത്തിലെ ചൂടു കൂടുന്നതും ചുഴലിക്കാറ്റിന്റെ എണ്ണം കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊള്ളുന്ന ചുഴലികള്‍ നേരത്തെ കേരളത്തിനു ഭീഷണിയല്ലായിരുന്നു.

130 വര്‍ഷത്തിനിടെ 91 ചുഴലിക്കാറ്റുകളാണ് മേയ് മാസത്തില്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലുമായി രൂപപ്പെട്ടത്. 63 ചുഴലിക്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലിലും 28 ചുഴലിക്കാറ്റുകള്‍ അറബിക്കടലിലും മേയ് മാസത്തില്‍ രൂപപെട്ടു. വേനല്‍ക്കാലമായ മാര്‍ച്ച്-മേയ് മാസങ്ങളിലും തുലാവര്‍ഷ സീസണിലും (ഒക്ടോബര്‍-ഡിസംബര്‍) ആണ് സാധാരണ ചുഴലിക്കാറ്റുകള്‍ രണ്ടു സമുദ്രങ്ങളിലും രൂപപ്പെടുന്നത്.

1990നുശേഷം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ആകെ 22 ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ മേയ് മാസത്തില്‍ അവസാനമായി ചുഴലിക്കാറ്റ് രൂപപ്പെട്ടത് സൂപ്പര്‍ സൈക്ലോണ്‍ ആംഫന്റെ രൂപത്തിലായിരുന്നു, കഴിഞ്ഞ വര്‍ഷം മേയ് 1621 വരെ. അറബിക്കടലില്‍ അവസാനമായി ചുഴലിക്കാറ്റു രൂപപ്പെട്ടത് 2018ല്‍. സാഗര്‍ ചുഴലിക്കാറ്റ് മേയ് 16 മുതല്‍ 20വരെയും മേക്‌നു ചുഴലിക്കാറ്റ് മേയ് 2127 വരെയും.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശനിയാഴ്ച തീവ്ര ന്യൂനമര്‍ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടര്‍ന്ന് കേരളം ജാഗ്രതയില്‍. റെഡ് അലര്‍ട്ടിനു സമാനമായ തയാറെടുപ്പാണ് സംസ്ഥാനം നടത്തുന്നത്. ലക്ഷദ്വീപിനു സമീപം ചുഴലിക്കാറ്റ് രൂപപ്പെടാനിടയുണ്ടെന്നും കേരള തീരത്ത് ശക്തമായ കാറ്റും മഴയും ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.