Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

കേവിഡിന് ശേഷം ബ്ലാക്ക് ഫംഗസ് അണുബാധ; മഹാരാഷ്ട്രയില്‍ 52 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വന്നു പോയതിന് ശേഷം ബ്ലാക്ക് ഫംഗസ് അണുബാധ മൂലം ഇതുവരെ 52 പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. മരണമടഞ്ഞവരെല്ലാം കോവിഡിനെ അതിജീവിച്ചവരാണ്. ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് മൂലമുണ്ടായ മരണങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് വെളിപ്പെടുത്തുന്നത്. മലേറിയ പോലുള്ള രോഗമല്ലാത്തതിനാല്‍ ബ്ലാക്ക് ഫംഗസിന്റെ ഡേറ്റ ബേസ് ആരോഗ്യവകുപ്പ് സൂക്ഷിക്കാറില്ലായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം വ്യാപന കാലത്ത് ഭീഷണിയായതിനെ തുടര്‍ന്നാണ് കണക്കെടുപ്പ് നടത്തിയത്.

മ്യൂക്കോര്‍മൈസെറ്റ്‌സ് ഇനത്തില്‍ പെട്ട ഫംഗസുകളാണ് ബ്ലാക്ക് ഫംഗസ് രോഗത്തിന് ഇടയാക്കുന്നത്. മണ്ണിലും വായുവിലുമൊക്കെയുള്ള ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും രോഗപ്രതിരോധശേഷി ശക്തമാണെങ്കില്‍ ദോഷം ചെയ്യില്ല. എന്നാല്‍ കോവിഡ് ബാധിതരുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാണെന്നതാണ് വിനയാകുന്നത്. കോവിഡ് ബാധിതരില്‍ സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയമായ ഉപയോഗവും പ്രതിരോധശേഷിയെ തളര്‍ത്തും. 50 ശതമാനമാണ് മരണനിരക്ക്. തുടക്കത്തില്‍ തന്നെയുള്ള ചികിത്സയാണ് അനിവാര്യം. കോവിഡ് ഭേദമായവര്‍ തുടര്‍ന്നും വൃത്തിയുള്ള അന്തരീക്ഷത്തില്‍ കഴിയാന്‍ ശ്രദ്ധിക്കണം.

മുഖത്തിന്റെയോ മൂക്കിന്റെയോ ഒരുവശത്തു വേദന, ചുവപ്പുനിറം, തലവേദന, ചുമ, ശ്വാസംമുട്ടല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണുവേദന, കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കാന്‍സര്‍ രോഗികള്‍, അവയവങ്ങള്‍ മാറ്റിവച്ചവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ സംസ്ഥാനത്ത് 2,000 ബ്ലാക്ക് ഫംഗസ് കേസുകളുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ 18 മെഡിക്കല്‍ കോളജുകളോട് ചേര്‍ന്നുള്ള ആശുപത്രികളില്‍ പ്രത്യേക ബ്ലാക്ക് ഫംഗസ് വാര്‍ഡുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

രോഗികളെ ചികിത്സിക്കുന്നതിനായി ഒരു ലക്ഷം ആംഫോട്ടെറിസിന്‍ബി ആന്റി ഫംഗല്‍ കുത്തിവയ്പുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ സംസ്ഥാനം ക്ഷണിക്കുമെന്ന് മന്ത്രി തോപ്പെ പറഞ്ഞിരുന്നു. ചികിത്സയ്ക്ക് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ളതിനാല്‍ കേസുകളിലെ വര്‍ധന സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് അമിതഭാരം വരുത്തുമെന്നതാണ് ആശങ്ക.

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രമേഹ രോഗികളിലും രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂടുതലുള്ളവരിലുമാണ് മ്യൂക്കര്‍മൈക്കോസിസ് കൂടുതലായും കാണപ്പെടുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇതര രോഗാവസ്ഥകള്‍ ഉള്ളവര്‍ക്കും രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ് കാഴ്ചക്കുറവ് എന്നിവ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഫംഗസ് അണുബാധ മൂക്ക്, കണ്ണുകള്‍ എന്നിവയിലൂടെ പടര്‍ന്ന് തലച്ചോറിലെത്തിയാണ് മരണകാരിയാകുന്നത്. സംസ്ഥാനത്ത് കുറഞ്ഞത് 8 രോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.