Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ഗുരുവായൂര്‍ ഏകാദശിക്ക് വിളക്ക് ആരംഭിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 31 ദിവസത്തെ ഏകാദശി ചുറ്റുവിളക്ക് വെള്ളിയാഴ്ച ആരംഭിച്ചു. ഡിസംബര്‍ എട്ടിനാണ് ഗുരുവായൂര്‍ ഏകാദശി. സ്ഥാപനങ്ങളും സംഘടനകളും ഭക്തരും നടത്തുന്ന ഏകാദശി ചുറ്റുവിളക്കുകളില്‍ ആദ്യത്തേത് പാലക്കാട് അലനല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ കുടുംബം വകയാണ്.

ഗുരുവായൂര്‍ ഏകാദശിക്കു മുന്നോടിയായി ഒരു മാസം മുന്നേ ആണ് ഏകാദശി വിളക്ക് ആരംഭിക്കുന്നത്. വിവിധ സംഘടനങ്ങളും സ്ഥാപനങ്ങളും വ്യക്തികളും കൂടാതെ കോടതി, പോലീസ്, ബാങ്ക് എന്നിവരുടെ ഒക്കെ വിശേഷാല്‍ വിളക്കുകള്‍ ഉണ്ടാകും. ഏകാദശി വിളക്കാഘോഷിക്കുന്ന ഒരു മാസക്കാലം ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരി ഉത്സവഭംഗിയില്‍ മുങ്ങും.

വെള്ളിയാഴ്ച രാത്രി വിളക്കെഴുന്നള്ളിപ്പിന് ഗുരുവായൂരപ്പന്‍ എഴുന്നള്ളുമ്പോള്‍ പതിനായിരത്തോളം ദീപങ്ങള്‍ നറുനെയ്യില്‍ തെളിയും. നാലാമത്തെ പ്രദക്ഷിണത്തിന് ഇടയ്ക്കകളും നാഗസ്വരങ്ങളും അകമ്പടിയാകും. ശനിയാഴ്ച്ച ചാവക്കാട് കോടതിയുടെ ചുറ്റുവിളക്ക് ആഘോഷിക്കും. ഏകാദശി വിളക്കാരംഭ മുന്നോടിയായി ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ വക വ്യാഴാഴ്ച വിഘ്‌നേശ്വരന് നിറമാലയും പൂജയും ഗുരുവായൂരപ്പന് ദീപക്കാഴ്ച്ചയും വിളംബരനാമജപ പ്രദക്ഷിണവും നടന്നു.