Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ചരിത്ര വിധി കാത്ത് രാജ്യം: അയോദ്ധ്യാ വിധി ശനിയാഴ്ച; രാജ്യമെമ്പാടും കനത്ത സുരക്ഷ

അയോദ്ധ്യയിലെ തര്‍ക്കമന്ദിരം സംബന്ധിച്ച കേസില്‍ നാളെ സുപ്രീം കോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. 2010 ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ശനിയാഴ്ച വിധി പറയുന്നത്. കൃത്യം 10: 30 ന് വിധി പ്രസ്താവിക്കും. കീഴ് വഴക്കങ്ങൾ തെറ്റിച്ചു അവധി ദിവസത്തിലാണ് വിധി പറയുന്നത് എന്നതും ശ്രദ്ധേയമാണ്.

2.67 ഏക്കര്‍ തര്‍ക്കസ്ഥലം രാംലല്ല, നിര്‍മ്മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ചു കൊടുക്കാനാണ് അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇതിന് എതിരെയുള്ള അപ്പീല്‍ ഹര്‍ജി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ 40 ദിവസം തുടര്‍ച്ചയായി സുപ്രീംകോടതി വാദം കേള്‍ക്കുകയായിരുന്നു. ഇതിനിടെ ശ്രീ ശ്രീ രവിശങ്കറിന്റെയും മറ്റും നേതൃത്വത്തില്‍ ഒരു മദ്ധ്യസ്ഥ സമിതിയെ നിയോഗിച്ച് പ്രശ്‌നം കോടതിക്ക് പുറത്ത് തീര്‍ക്കാനും ശ്രമം നടത്തിയിരുന്നു.

വിധി പുറപ്പെടുവിക്കും മുന്‍പ് അയോദ്ധ്യയിലെ ക്രമസമാധാനം സംബന്ധിച്ച് യു പിയിലെ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും കോടതി നേരിട്ട് തന്നെ വിശദീകരണം തേടിയിരുന്നു. അയോദ്ധ്യയില്‍ പൂര്‍ണ്ണമായും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ക്രമസമാധാനം ഉറപ്പാക്കാന്‍ 12000 പോലീസുകാരെയും 4000 അര്‍ദ്ധസൈനികരെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ സേനാംഗങ്ങളെ നാളെ വിധി വരുന്നതിനു മുമ്പ് വിന്യസിക്കാനും നീക്കമുണ്ട്. ഇതിനു പുറമെ തന്ത്രപ്രധാനമായ മേഖലകളില്‍ അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. അയോദ്ധ്യയില്‍ ഡിസംബര്‍ അവസാനം വരെ നിരോധനാജ്ഞ നിലവിലുണ്ട്. പ്രതിഷേധം ഉണ്ടായാല്‍ ആളുകളെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കാന്‍ കോളേജുകള്‍ താല്‍ക്കാലിക ജയിലുകളാക്കി മാറ്റിയിട്ടുണ്ട്. അയോദ്ധ്യ ജില്ലയില്‍ നിന്ന് തദ്ദേശീയരല്ലാത്ത എല്ലാവരും പുറത്തു പോകാനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

സമാധാനം ഉറപ്പാക്കാനായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ആര്‍.എസ്.എസ്. നേതാക്കളുമായും മുസ്‌ലിം പുരോഹിതരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തുടനീളം കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ വിവിധ മതസംഘടനകളോടും ആദ്ധ്യാത്മിക നേതാക്കളോടും അഭ്യര്‍ത്ഥിച്ചിരുന്നു. വിധി എന്തായാലും പൂര്‍ണ്ണ സംയമനം പാലിക്കാനും ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കാനും ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതും അഭ്യര്‍ത്ഥിച്ചു. വിധിയോട് അനുബന്ധിച്ച് യാതൊരു വിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശം ആര്‍ എസ് എസ് സ്വയംസേവകര്‍ക്ക് നല്‍കിയിട്ടുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് വിവിധ മുസ്ലീം സാമുദായിക നേതാക്കളും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ യു.പി പൊലീസ് 16000 സന്നദ്ധപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. വിധിയുമായി ബന്ധപ്പെട്ട് അധിക്ഷേപകരവും പ്രകോപനകരവുമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ ദേശസുരക്ഷനിയമപ്രകാരം നിയമനടപടിയുണ്ടാകും. പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്താലും നടപടിയുണ്ടാകും. ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗാഗോയിക്കു പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്‌ടെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷന്‍, അബ്ദുള്‍ നസിര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍

കേരളത്തിലും സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തിലുള്ള സന്ദേശങ്ങളോ വാര്‍ത്തകളോ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

വാര്‍ത്ത: ശ്യാം കൃഷ്ണ