Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: നടപടി തുടങ്ങി, ഇടറോഡുകള്‍ ഉള്‍പ്പെടെ അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനുള്ള നടപടികള്‍ തുടങ്ങി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്.

തിരുവനന്തപുരം നഗരത്തില്‍ പല റോഡുകളും പൊലീസ് അടയ്ക്കുകയാണ്. മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഒരു മേഖലയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക. ജനസഞ്ചാരം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികള്‍ ജില്ലാഭരണകൂടം തുടങ്ങി. ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും.

അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്‌സിറ്റ് പോയിന്റുകള്‍ ക്രമീകരിക്കുകയാണ്. ഓരോ പൊലീസ് സ്റ്റേഷനുകളേയും ഓരോ ക്ലസ്റ്ററുകളാക്കി അകത്തേക്കും പുറത്തേക്കും പോകാന്‍ ഒരു വഴി മാത്രം തുറക്കും. ബാരിക്കേഡുകള്‍ ഇതിനകം നിരത്തിക്കഴിഞ്ഞു.

കൂടുതല്‍ കോവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും. ക്വാറന്റനീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തും. പലചരക്ക്, പച്ചക്കറി വില്‍ക്കുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഹോട്ടലുകളില്‍ പാഴ്‌സല്‍ വിതരണം ഉണ്ടാകും.

ബാങ്കുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ലോക്ഡൗണ്‍ ബാധകമായ ജില്ലകളിലേത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. പാല്‍ പത്ര വിതരണം ആറുമണിക്ക് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ആദ്യം നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും, എട്ട് മണി വരെ ഇളവ് നല്‍കി. ട്രിപ്പിള്‍ ലോക്ഡൗണ്‍ ബാധകമല്ലാത്ത ജില്ലകളില്‍ നിലവിലെ ലോക്ഡൗണും നിയന്ത്രണങ്ങളും തുടരും. 23 ന് ശേഷവും ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ അടുത്തവാരം അവസാനത്തോടെ സാഹചര്യം വിലയിരുത്തി തീരുമാനമുണ്ടാകും.

എറണാകുളം ജില്ലയില്‍ ഹോട്ടലുകള്‍ ഹോം ഡെലിവറി മാത്രം. പാര്‍സല്‍ വന്നു വാങ്ങാന്‍ സാധിക്കില്ല. രാവിലെ എട്ടു മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറി. ഉച്ചയ്ക്ക് രണ്ട് മണി വരെ പാല്‍ സംഭരണം നടത്താം. ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ പച്ചക്കറി, പഴം, ബേക്കറി, പലചരക്ക്, മത്സ്യം, മാസം എന്നിവ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 2 വരെ തുറക്കാം.

മലപ്പുറത്ത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ റേഷന്‍ കാര്‍ഡ് കയ്യില്‍ കരുതണം. തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക് പോകാം.

തിരുവനന്തപുരം ജില്ലയില്‍ പച്ചക്കറി പലചരക്ക് കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം രാവിലെ 7 തൊട്ട് ഉച്ചയ്ക്ക് 2 30 വരെ മാത്രം. റേഷന്‍ കടകളും പാല്‍ ബൂത്തുകളിലും സപ്ലൈകോ വൈകിട്ട് 5 വരെ.

തൃശൂരില്‍ തുറക്കാവുന്ന സ്ഥാപനങ്ങളില്‍ ഒരേ സമയം 3 ഉപഭോക്താക്കള്‍ മാത്രം. മരണം, ചികിത്സ എന്നിവയ്ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം ഉണ്ട്.