Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

അയോദ്ധ്യയില്‍ സുപ്രീംകോടതി ബെഞ്ചിന്റെ ഒറ്റ വിധി: രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി; പള്ളി നിര്‍മ്മിക്കാന്‍ പകരം ഭൂമി

ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ സുപ്രീംകോടതിയുടെ ചരിത്ര വിധി. അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു വിശ്വാസികള്‍ക്ക് നല്‍കിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി തര്‍ക്കഭൂമിയ്ക്ക് പുറത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കണം. ക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ച് ഭൂമി കൈമാറണം. മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീര്‍പ്പാക്കാണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഒറ്റ വിധിയാണ് കോടതി പറഞ്ഞത്. അത് ഏകകണ്ഠമായ വിധിയാണെന്നും സുപ്രീം കോടതി പറഞ്ഞു. തുടര്‍ന്ന് കേസിന്റെ നാള്‍ വഴികളും ഇരു കൂട്ടരുടെയും വാദങ്ങളിലെ പ്രധാന ഭാഗങ്ങളും കോടതി പരാമര്‍ശിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന് ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. ഒക്ടോബര്‍ 16 നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. ഇതോടെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ആരംഭിച്ച കേസിനാണ് രാജ്യത്തെ പരമോന്നത നീതിപീഠം തീര്‍പ്പ് കല്‍പ്പിച്ചത്.

2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാനായി 2010 ലെ അലഹബാദ് ഹൈക്കോടതി നല്‍കിയ വിധി സുപ്രീംകോടതി തള്ളി. അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കാനായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. എന്നാല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി തള്ളിയ സുപ്രീംകോടതി ഭൂമിയിലുള്ള അവകാശം കൃത്യമായി സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് കഴിഞ്ഞില്ലെന്നും നിരീക്ഷിച്ചു.

ഖനനത്തില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്ക് ക്ഷേത്ര സ്വഭാവമുണ്ടെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ ഉണ്ടായിരുന്ന ഒരു നിര്‍മിതിയുടെ മുകളിലാണ് ബാബറി മസ്ജിദ് പണിതതെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, പള്ളി നിര്‍മിക്കപ്പെട്ടതിന് അടിയില്‍ ഒരു നിര്‍മിതി ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ഉടമസ്ഥാവകാശം സ്ഥാപിക്കാനാകില്ല; അതൊരു ഹിന്ദു ക്ഷേത്രമായിരുന്നാല്‍ പോലും എന്നും കോടതി നിരീക്ഷിച്ചു. 1949ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവെച്ച സംഭവവും 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമായിരുന്നു. ഇത് സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ടായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ അയോധ്യ വിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചു. എങ്കിലും വിധിയെ മാനിക്കുന്നുവെന്നും വിധി പഠിച്ച ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ബോര്‍ഡ് അറിയിച്ചു.