Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

കര്‍ഷകരില്‍ നിന്ന് പാല്‍ ശേഖരിക്കുന്നതിന് മില്‍മ നിയന്ത്രണം ഏര്‍പ്പെടുത്തി

പാലക്കാട്: ലോക്ഡൗണില്‍ വില്‍പന കുറഞ്ഞതിനാല്‍ മില്‍മ മലബാര്‍ മേഖല യൂനിയന്‍ ചൊവ്വാഴ്ച മുതല്‍ കര്‍ഷകരില്‍നിന്ന് പാല്‍ ശേഖരിക്കുന്നതിന് മില്‍മ നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചക്കുശേഷം പാല്‍ സംഭരിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്താന്‍ ക്ഷീരസംഘങ്ങള്‍ക്ക് മില്‍മ നിര്‍ദേശം നല്‍കി. രാവിലെ ശേഖരിക്കുന്ന പാലിന്റെ അളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

മേയ് ഒന്ന് മുതല്‍ 10 വരെ മില്‍മയിലേക്ക് അയച്ച ശരാശരി പ്രതിദിന പാല്‍ അളവിന്റെ 60 ശതമാനത്തില്‍ കൂടുതലാവാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കി. 60 ശതമാനത്തില്‍ കൂടുതലായി മില്‍മയിലേക്ക് അയക്കുന്ന പാലിന് വില നല്‍കില്ലെന്നും സംഘങ്ങള്‍ക്ക് അയച്ച കത്തില്‍ മില്‍മ മലബാര്‍ മേഖല യൂനിയന്‍ പറയുന്നു. മേയ് എട്ട് മുതല്‍ ആരംഭിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പാലിന്റെയും ഉല്‍പന്നങ്ങളുടെയും വിപണനം നന്നേ കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സംഭരണം എട്ട് ലക്ഷം ലിറ്ററും വിപണനം നാല് ലക്ഷം ലിറ്ററുമാണ്.

ബാക്കിയാവുന്ന പാല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ പാല്‍പൊടി ഫാക്ടറികളിലേക്ക് അയച്ചാണ് പൊടിയാക്കിയിരുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് ഫാക്ടറികളില്‍ എത്തുന്ന പാലിന്റെ അളവ് വര്‍ധിച്ചതിനാല്‍ മില്‍മ നല്‍കുന്ന മുഴുവന്‍ പാലും പൊടിയാക്കി മാറ്റാന്‍ ഫാക്ടറികള്‍ തയാറല്ല. ഇതുമൂലമാണ് സംഭരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മില്‍മ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിലും പാല്‍ സംഭരണത്തില്‍ മില്‍മ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാ!ട് ജില്ലകളിലെ 1122 സംഘങ്ങളാണ് മലബാര്‍ മേഖല യൂനിയന് കീഴിലുള്ളത്. പാലക്കാട് ജില്ലയില്‍നിന്നാണ് മില്‍മ ഏറ്റവുമധികം പാല്‍ സംഭരിക്കുന്നത്.