Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെകെ ശൈലജ പുറത്ത്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ കെ ശൈലജ പുറത്ത്. കെ കെ ശൈലജയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതോടെ പിണറായി ഒഴികെ എല്ലാവരും മന്ത്രിസഭയില്‍ പുതുമുഖങ്ങളാണ്. കെകെ ശൈലജ ഒഴികെ എല്ലാവരെയും ഒഴിവാക്കാന്‍ സിപിഎം തീരുമാനിക്കും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇന്നു ചേര്‍ന്ന നേതൃയോഗം എല്ലാവരും പുതുമുഖങ്ങള്‍ എന്ന നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.

കെ കെ ശൈലജയ്ക്ക് പാര്‍ട്ടി വിപ്പ് സ്ഥാനം നല്‍കാനാണ് തീരുമാനം. കെ കെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പുതുമുഖ പട്ടിക മുന്നോട്ട് വച്ചത് കോടിയേരി ബാലകൃഷ്ണനാണ്. 88 അംഗ സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും തീരുമാനത്തെ പിന്തുണച്ചു. ശൈലജയ്ക്കായി വാദിച്ചത് ഏഴ് പേര്‍മാത്രമാണ്. എംവി ജയരാജന്‍ ഷൈലജയെ പിന്തുണച്ചു.

കെ രാധാകൃഷ്ണന്‍, എംവി ഗോവിന്ദന്‍, പി രാജീവ്, കെഎന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍, വീണാ ജോര്‍ജ്, ആര്‍ ബിന്ദു എന്നിവരാണ് സിപിഎമ്മില്‍നിന്നു മന്ത്രിമാരാവുക. എംബി രാജേഷ് സ്പീക്കറാവും.

സി പി ഐയില്‍ നിന്ന് നാല് മന്ത്രിമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. പി. പ്രസാദ്, കെ. രാജന്‍, ജി. ആര്‍. അനില്‍, ചിഞ്ചു റാണി എന്നിവരാണ് സി പി ഐയില്‍ നിന്നുള്ള മന്ത്രിമാര്‍.