Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

രണ്ടാം പിണറായി മന്ത്രിസഭയിലെ വനിതാ മന്ത്രിമാര്‍ ഇവരൊക്കെ

തിരുവനന്തപുരം: മുന്ന് വനിതാ അംഗങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിലുള്ളത്. തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച പ്രൊഫ. ആര്‍ ബിന്ദു, രണ്ടാം തവണയും ആറന്‍മുളയില്‍ നിന്ന് വിജയിച്ച വീണാ ജോര്‍ജ്ജ്, ചടയമംഗലം മണ്ഡലത്തില്‍ നിന്ന് ജയിച്ച സി പി ഐയിലെ ആദ്യ വനിതാമന്ത്രി കൂടിയായ ജെ ചിഞ്ചുറാണി എന്നിവരാണ് മന്ത്രിപദവിയില്‍ എത്തുന്ന വനിതകള്‍.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമായ ആര്‍ ബിന്ദു കന്നിയങ്കത്തില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ എം തൃശൂര്‍ ജില്ലാകമ്മിറ്റി അംഗമാണ്. തൃശൂര്‍ കേരളവര്‍മ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായിരുന്നു. ജോലി രാജിവച്ചാണ് ഇരിങ്ങാലക്കുടയില്‍നിന്ന് ജനവിധി തേടിയത്. 2005-2010ലാണ് തൃശൂര്‍ കോര്‍പറേഷനില്‍ മേയറായിരുന്നത്. തൃശൂര്‍ നഗരത്തില്‍ മാതൃകാപരമായ വികസനം എങ്ങനെ നടപ്പാക്കാമെന്ന് കാണിച്ചുതന്ന ആര്‍ ബിന്ദു. തൃശൂര്‍ കോര്‍പ്പറേഷനിലെ ആദ്യ വനിതാ മേയര്‍ കൂടിയായിരുന്നു. മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സഹായവിതരണം. തൃശൂര്‍ കോര്‍പറേഷനാണ് ആ പദ്ധതി ആദ്യം നടപ്പാക്കിയത്. മാടക്കത്തറയിലും വില്‍വട്ടത്തുമായി നടപ്പാക്കിയ പുനരധിവാസപദ്ധതികള്‍, മാലിന്യനിര്‍മാര്‍ജന പദ്ധതി തുടങ്ങി ഒട്ടേറെ വികസനപദ്ധതികള്‍ക്ക് ആര്‍ ബിന്ദു അന്ന് നേതൃത്വം നല്‍കി. എസ്എഫ്‌ഐയുടെ സംസ്ഥാന വിദ്യാര്‍ഥിനി സബ് കമ്മിറ്റി കണ്‍വീനറായിരുന്ന ബിന്ദു, കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റംഗമായിരുന്നു. സര്‍വകലാശാലാ സെനറ്റിലും അംഗമായി പ്രവര്‍ത്തിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ഭാര്യയാണ്.

സിപിഐയില്‍ നിന്ന് ആദ്യത്തെ വനിതാമന്ത്രിയാണ് മന്ത്രിസഭയിലേക്കെത്തുന്ന ജെ ചിഞ്ചുറാണി. 1970 ല്‍ ബാലവേദിയിലുടെയാണ് പൊതുജീവിതം ആരംഭിക്കുന്നത്. കൊല്ലം അയത്തില്‍ വി.വി.എച്ച് എസ്സിലെയും കൊല്ലം ശ്രീനാരായണ വനിതാ കോളേജിലേയും എ.ഐ.എസ് എഫ് നേതാവായും യുവജന രംഗത്ത് പ്രവര്‍ത്തിക്കന്ന അവസരത്തില്‍ ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പറായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പാര്‍ട്ടി ദേശീയ കൗണ്‍സിലംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റും പൗള്‍ട്രി കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സനുമാണ്. സി അച്യുതമേനോന്‍ കൊല്ലം ജില്ല സഹകരണ ഹോസ്പിറ്റല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തുമെമ്പര്‍, കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍, ജില്ലാ പഞ്ചായത്തംഗം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ 20 വര്‍ഷക്കാലം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു.

രണ്ടാം തവണയും ആറന്‍മുളയില്‍ നിന്ന് വിജയിച്ച വീണാ ജോര്‍ജ് എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്. 2012 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. കൈരളി, ഇന്‍ഡ്യാവിഷന്‍, എം എംന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനലുകളിലെ സേവനത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടി. ജനപക്ഷ നിലപാടുകളാണ് വീണാ ജോര്‍ജ്ജിനെ ജനകീയയാക്കിയത്. മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.