Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് ബാധ; രോഗിയുടെ കണ്ണ് നീക്കം ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ കണ്ടെത്തി. തിരൂരിലെ ഏഴുര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന 62 വയസ്സുകാരന്റെ ഇടതുകണ്ണിനാണ് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചത്. ശസ്ത്രക്രിയയിലുടെ ഇടത് കണ്ണ് നീക്കംചെയ്യേണ്ടി വന്നു. ബ്ലാക്ക് ഫംഗസ് തലച്ചോറിലേക്കു പടരാതിരിക്കാനാണ് കണ്ണ് നീക്കംചെയ്തത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇ.എന്‍.ടി. വിദഗ്ധന്‍ ഡോ. രവി, ഡോ. ഫവാസ് അലി എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

കോവിഡിനെത്തുടര്‍ന്ന് രോഗികളിലുണ്ടാകുന്ന ഫംഗസ് ബാധയാണ് ബ്ലാക്ക് ഫംഗസ്. ഇതുമൂലം മുഖത്ത് പാടുകള്‍, അടയാളങ്ങള്‍, വീക്കം, വേദന തുടങ്ങിയ ഉണ്ടാകാം. മുഖം വികൃതമാകുന്ന അവസ്ഥവരെ ഉണ്ടാകാം. സംസ്ഥാനത്ത് രോഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മലപ്പുറം ജില്ലയിലെ ആദ്യ കേസാണിത്.

ഏപ്രില്‍ 25 നാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദപ്പെട്ടതോടെ കോവിഡ് നെഗറ്റീവ് ആകാതെത്തന്നെ മേയ് രണ്ടിന് ഡിസ്ചാര്‍ജുചെയ്ത് തിരൂരിലെ വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും നെറ്റിയില്‍ മരവിപ്പും അനുഭവപ്പെട്ടു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. 6,25,000 രൂപ ചികിത്സയ്ക്ക് ചെലവായതായി ബന്ധുക്കള്‍ പറഞ്ഞു. ഇനിയും ആറാഴ്ച ആശുപത്രിയില്‍ ചികിത്സ തുടരണം.

പ്രമേഹ രോഗികൂടിയായ ഇദ്ദേഹം നേരത്തെ ഗള്‍ഫിലായിരുന്നു. അഞ്ചുവര്‍ഷമായി നാട്ടില്‍ പ്ലംബിങ് ജോലി ചെയ്തുവരികയാണ്.