Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ആകാശയാത്രയുടെ സ്വപ്‌നസാക്ഷാത്കാരവുമായി വിദ്യാര്‍ത്ഥികള്‍

പത്തനംത്തിട്ട: സ്വപ്‌നം കാണുക മാത്രം ചെയ്ത വിമാനയാത്ര സാധ്യമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കോന്നി കുളത്തുമണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ശനിയാഴ്ച രാത്രി 9.15 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ഈ കുട്ടികള്‍ ആകാശയാത്ര നടത്തി. വിമാനയാത്രയെന്ന വിദ്യാര്‍ത്ഥികളുടെ ആഗ്രഹത്തോട് സ്‌കൂളിലെ അധ്യാപകര്‍ നടത്തിയ അര്‍പ്പണമനോഭാവത്തോടെയുള്ള പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിമാനയാത്ര സാധ്യമാക്കിയത്.

സാധാരണ സ്‌കൂള്‍ വിനോദയാത്രയില്‍ നിന്നും വ്യത്യസ്തമായി ഈ സ്‌കൂളിലെ അധ്യാപകര്‍ ഇങ്ങനെ ഒരു യാത്ര കുട്ടികള്‍ക്ക് ഒരുക്കിയതിനു കാരണമുണ്ട്. അത്യാവശ്യത്തിനു വേണ്ട യാത്ര സൗകര്യം പോലുമില്ലാത്ത ഈ ഗ്രാമത്തിലെ കുട്ടികള്‍ക്ക് ഒരു വിമാനയാത്ര സ്വപനങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്ന് തന്നെയായിരുന്നു. ഇടയ്‌ക്കൊക്കെ വിദേശയാത്ര ചെയ്യാറുള്ള തങ്ങളുടെ അധ്യാപികയോട് വിമാനയാത്രയെക്കുറിച്ച് എന്നും കുട്ടികള്‍ക്ക് അടങ്ങാത്ത കൗതുകം നിറയുന്ന ചോദ്യങ്ങളായിരുന്നു. വിമാനത്തെക്കുറിച്ചു അറിയുവാനുള്ള അവരുടെ ആഗ്രഹവും ആവേശവും കണ്ടപ്പോഴാണ് സ്‌കൂളിലെ പ്രഥമ അധ്യാപിക ശ്രീജ ടീച്ചറിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ കുട്ടികളെയും കൂട്ടി വിമാനയാത്രാ പോകുന്ന കാര്യം ആലോചിച്ചത്.

സ്‌കൂളിലെ കുട്ടികളുടെ സാമ്പത്തിക സ്ഥിതിയും വിമാനയാത്രയുടെ ടിക്കറ്റ് നിരക്കും ഒത്തുപോകാതെ വന്നപ്പോള്‍ പല തവണ യാത്ര നീട്ടി വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ആകെ അന്‍പത് കുട്ടികള്‍ ഉള്ള സ്‌കൂളില്‍ നിന്നും ഒടുവില്‍ പതിനഞ്ചു കുട്ടികള്‍ക്കു മാത്രമാണ് വിമാനയാത്രയ്ക്കുള്ള വഴിയൊരുങ്ങിയത്. പണത്തിനു ബുദ്ധിമുട്ടുണ്ട് വന്നെങ്കിലും ഇങ്ങനെയൊരു ആശയം വന്നപ്പോള്‍ മാതാപിതാക്കളും അധ്യാപകരുടെ ഒപ്പം തന്നെ നിന്നു. വീമാനയാത്രയില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒപ്പം ചില കുട്ടികളുടെ മാതാപിതാക്കളും പങ്കെടുത്തു.

പത്തനംത്തിട്ട ജില്ലയിലെ കോന്നി താലൂക്കില്‍ കൂടല്‍ വില്ലേജില്‍ ഉള്‍പ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമണ്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. എല്‍ കെ ജി മുതല്‍ അഞ്ചാം ക്ലാസ്സുവരെയുള്ള ഈ സ്‌കൂളില്‍ വളരെ കുറച്ചു കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. അധികം ആള്‍താമസമില്ലാത്ത ഈ പ്രദേശത്തേക്കുള്ള ഗതാഗതവും വിരളമാണ്. പുറത്തുനിന്നു ഗ്രാമത്തിലേക്കുള്ള ഏക ബസ്സ് മാര്‍ഗമാണ് അധ്യാപകരും കുട്ടികളും സ്‌കൂളില്‍ എത്തിച്ചേരുന്നത്. നിര്‍ധനരായ കുട്ടികള്‍ ആണ് ഈ സ്‌കൂളില്‍ പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും.