Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

അയോദ്ധ്യാ വിധി: ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍

അയോദ്ധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പത്ത് ദിവസത്തിനുള്ളില്‍ ഭീകരാക്രമണം നടത്താന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് വിവിധ സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ജെയ്ഷ് ഇ മുഹമ്മദ് ലക്ഷ്യമിടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മിലിട്ടറി ഇന്റലിജന്‍സ്, റോ, ഇന്റലിജന്‍സ് ബ്യൂറോ എന്നീ സുരക്ഷ ഏജന്‍സികളാണ് സര്‍ക്കാരിന് ജെയ്‌ഷെ ആക്രമണ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ടെന്നും ഓരോ ഏജന്‍സികളും തനിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ഏജന്‍സികള്‍ ഒരേ വിവരം നല്‍കിയതിനാല്‍ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.

കൂടാതെ ഇന്ത്യയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ഏഴ് പാക്കിസ്ഥാന്‍ ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസാ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖൗമി ചൗദരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ക്കൊപ്പം എത്തിയ മറ്റു രണ്ടു ഭീകരരെ പറ്റി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്ന് വിവിധ ഏജന്‍സികള്‍ വെളിപ്പെടുത്തി.

അയോദ്ധ്യയിലും വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ചയോടെ 4000 നാലായിരം സി ആര്‍ പി എഫ് ഭടന്മാരെ അധികമായി വിന്യസിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയ 72 പേര്‍ക്കെതിരെ കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധം സമൂഹമാധ്യങ്ങളില്‍ പ്രചാരണം നടത്തുന്നത് ശക്തമായി പോലീസ് നിരീക്ഷിക്കുന്നുണ്ട്.

ജമ്മുകാശ്മീരില്‍ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്. രാജസ്ഥാനിലെ അജ്മീറില്‍ വിഛേദിച്ച ഇന്റര്‍നെറ്റ് സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.