Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മുംബൈ ബാർജ് അപകടത്തിൽ വയനാട് സ്വദേശി മരിച്ചു.

മുംബൈ: മുംബൈ ബാര്‍ജ് അപകടത്തില്‍ ഒരു മലയാളി മരിച്ചു. വയനാട് ഏച്ചോം സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്.
ജോസഫ് (ഐപ്പ് ) – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ ജോയിസി . ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അപകടത്തില്‍പെട്ട പി305 ബാര്‍ജില്‍ ഉണ്ടായിരുന്ന ഇരുപതോളം മലയാളികളെ നാവിക സേന നേരത്തെ രക്ഷപെടുത്തിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ജോമിഷ് ജോസഫിന്‍റെ മരണം വിവരം പുറത്ത് വരുന്നത്.

ബാര്‍ജില്‍ ആകെ 29 മലയാളികളാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം നാലാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ ദുരന്തത്തില്‍ മരിച്ച 37 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് നാവികസേന അറിയിക്കുന്നത്. ഇതുവരെ 188 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഇനിയും 38 പേരെ കണ്ടെത്താനുണ്ട്.

ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. നേവിയുടെ ആറ് കപ്പലുകളും ഹെലികോപ്റ്ററുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉള്ളത്.

അതിശക്തമായി വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വലിയ തോതിലുള്ള തിരമാലകള്‍ വീശിയടിക്കുന്നതിനാല്‍ ആദ്യ ദിവസങ്ങളിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി തുടങ്ങിയ നാവിക സേനാ കപ്പലുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

രാത്രിയും പകലുമായി നാവികസേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് നിരവധി പേര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. ശക്തമായ ചുഴലിക്കാറ്റിലും തിരമാലയിലും ഉള്‍ക്കടലിലേക്ക് ഒലിച്ചു പോയ വേറെ രണ്ട് ബാര്‍ജുകളും നാവികസേനയുടെ നിരീക്ഷണവിമാനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ് ഈ ബാര്‍ജുകള്‍ മുംബൈ തീരത്തേക്ക് ഇപ്പോള്‍ എത്തികൊണ്ടിരിക്കുന്നുവെന്നാണ് വിവരം.