Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മോഹന്‍ലാലിന് ഇന്ന് 61-ാം ജന്മദിനം; ആഘോഷമാക്കി ആരാധകരും സുഹൃത്തുക്കളും

കൊച്ചി: നടന്‍ മോഹന്‍ലാലിന് ഇന്ന് 61-ാം ജന്മദിനം. ലാലേട്ടന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. നിരവധി പേരാണ് മോഹന്‍ലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത്. രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ജന്മദിനാശംസകളുമായി നടന്‍ മമ്മൂട്ടിയെത്തി.

പ്രിയദര്‍ശന്‍, ആസിഫ് അലി, സംയുക്ത, നിവിന്‍ പോളി, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി സിനിമാ മേഖലയിലെ നിരവധി സഹപ്രവര്‍ത്തകരും താരത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചു. പിറന്നാളാശംസകള്‍ സ്റ്റീഫന്‍! പിറന്നാളാശംസകള്‍ അബ്‌റാം. പിറന്നാളാശംസകള്‍ ലാലേട്ടാ എന്നായിരുന്നു പൃഥ്വി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

1980 ലെ പ്രതിനായകത്വത്തില്‍ ആരംഭിച്ച നടനപ്രയാണം ഇന്ന് ഇരുന്നൂറ് കോടി ക്ലബില്‍ എത്തിനില്‍ക്കുന്നു. ഇക്കാലയളവിനിടയില്‍ പ്രണയവും നര്‍മ്മവും വില്ലത്തരവുമടക്കം ലാലേട്ടന്റെ എല്ലാ മാനറിസങ്ങളും മലയാളി കണ്ടു കഴിഞ്ഞു. നടന്‍ എന്നതിനോടൊപ്പം മികച്ച ഗായകന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്കു കൂടി കടന്നുകഴിഞ്ഞു ലാലേട്ടന്‍.

മലയാളം സിനിമ ആദ്യമായി 100 കോടിയും 150 കോടിയും 200 കോടിയുപമൊക്കെ കടന്നത് ഈ നടനവിസ്മയത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. പുതിയ കാലത്തും പുലിമുരുകനായും, സ്റ്റീഫന്‍ നെടുമ്പള്ളിയായും, ജോര്‍ജുകുട്ടിയായുമെല്ലാം വിസ്മയിപ്പിച്ചു ലാലേട്ടന്‍. ദൃശ്യത്തിന്റെ രണ്ടാം ഭാഗമെത്തിയിട്ടും മോഹന്‍ലാലിന്റെ മാനറിസങ്ങളില്‍ യാതൊരു മാറ്റവും കാണാനായില്ല ആരാധകര്‍ക്ക്. നെയ്യാറ്റിന്‍കര ഗോപന് വേണ്ടിയും കുഞ്ഞാലി മരക്കാറിന് വേണ്ടിയും അബ്രാം ഖുറേഷി അബ്രാമിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളക്കര.