Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

അപൂര്‍വ ഇനത്തില്‍പ്പെടുന്ന സിഗ്‌നല്‍ മത്സ്യത്തെ കേരളതീരത്ത് കണ്ടെത്തി

അപൂര്‍വ ജനുസ്സില്‍പ്പെടുന്ന സിഗ്‌നല്‍ മത്സ്യത്തെ ഇന്ത്യയിലാദ്യമായി കേരളതീരത്തുനിന്ന് കണ്ടെത്തി. 2450 ല്‍പ്പരം സമുദ്രമത്സ്യങ്ങളെ ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സിഗ്‌നല്‍ മത്സ്യത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.

കേരളതീരത്ത് 70 മീറ്റര്‍ താഴ്ചയുള്ള മണല്‍ത്തട്ടില്‍ നിന്നാണ് ഇവയെ ട്രോളര്‍ ഉപയോഗിച്ച് കണ്ടെത്തിയത്. ഇന്ത്യയില്‍നിന്നു കണ്ടെത്തിയതിനാല്‍ ഇവയ്ക്ക് ‘റ്റീറോപ്‌സാറോണ്‍ ഇന്‍ഡിക്കം’ (Pteropsaron indicum) എന്ന ശാസ്ത്രീയനാമമാണ് നല്‍കിയത്.

കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ. എ. ബിജു കുമാര്‍, അമേരിക്കയിലെ ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷനിലെ മത്സ്യഗവേഷകന്‍ ഡോ. ബെന്‍ വിക്ടര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണ വിവരങ്ങള്‍ പുതിയലക്കം ‘ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷന്‍ ജേണലി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സി.ടി. സ്‌കാന്‍ ഉപയോഗിച്ചു നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയ, ഇത്തരം മത്സ്യങ്ങളുടെ സവിശേഷ അസ്ഥിവ്യവസ്ഥയെപ്പറ്റിയുള്ള വിവരങ്ങളും ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ പവിഴപ്പുറ്റുകളുള്ള മേഖലകളിലാണ് സിഗ്‌നല്‍ മത്സ്യങ്ങളെ കാണാറുള്ളത്. കേരള തീരത്തുനിന്ന് ഇവയെ കണ്ടെത്തിയ സ്ഥലങ്ങളിലും പവിഴപ്പുറ്റുകള്‍ കാണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് പ്രൊഫ. ബിജുകുമാര്‍ അഭിപ്രായപ്പെട്ടു.

ശരീരപാര്‍ശ്വങ്ങളിലും തലയുടെ പാര്‍ശ്വങ്ങളിലും തിളങ്ങുന്ന കടുത്ത മഞ്ഞവരകള്‍ ഉള്ളവയാണ് സിഗ്‌നല്‍ മത്സ്യങ്ങള്‍. തങ്ങളുടെ പ്രദേശത്തില്‍ ആധിപത്യം സ്ഥാപിച്ച്, ഇണയെ ആകര്‍ഷിക്കാനുള്ള അടയാളങ്ങള്‍ക്കായി ഇവ തങ്ങളുടെ നീളമുള്ള മുതുകുചിറകുകള്‍ സവിശേഷമായി ചലിപ്പിക്കും. ഇത്തരം സ്വഭാവവിശേഷം കൊണ്ടാണ് ഇവയെ ‘സിഗ്‌നല്‍ മത്സ്യങ്ങള്‍’ എന്നുവിളിക്കുന്നത്.